മന്ത്രി ഒപ്പിട്ടിട്ട് മാസങ്ങൾ കഴിഞ്ഞു; ബാണാസുര സാഗർ പ്രോജക്ട് ഓഫിസ് മതിൽ പൊളിക്കുന്നതിന് നടപടിയില്ല
text_fieldsപടിഞ്ഞാറത്തറ ടൗണിനോട് ചേർന്നുള്ള ബാണാസുര സാഗർ പ്രൊജക്ട് ഓഫിസ് മതിൽ
വെള്ളമുണ്ട: മന്ത്രി ഒപ്പിട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബാണാസുര സാഗർ പ്രോജക്ട് ഓഫിസ് മതിൽ പൊളിക്കുന്നതിന് നടപടിയാകാത്തതിൽ പ്രതിഷേധം ഉയരുന്നു. ജില്ലയെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ബദൽ പാതയായ പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് തുടങ്ങുന്ന പടിഞ്ഞാറത്തറ ടൗണിനോട് ചേർന്നുള്ള ബി.എസ്.പി ഓഫിസിന്റെ മതിൽ പൊളിക്കുന്ന നടപടിയാണ് ഫയലിലുറങ്ങുന്നത്. നിലവിൽ ഈ റോഡിന്റെ വീതി 12 മീറ്ററാണ്.
കേന്ദ്ര സർക്കാറിന്റെ സി.എഫ്.സി പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ പടിഞ്ഞാറത്തറ-പന്തിപ്പൊയിൽ-വെള്ളമുണ്ട റോഡിന് അനുവദിക്കുകയും ടെൻണ്ടർ നടത്തുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തതാണ്. എന്നാൽ, ടൗണിൽ നിന്നും തുടങ്ങുന്ന 100 മീറ്റർ ഭാഗം ബി.എസ്.പിയുടെ മതിൽ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നതിനാൽ നിർമാണം പ്രതിസന്ധിയിലാണ്.
കഴിഞ്ഞ വർഷം പടിഞ്ഞാറത്തറയിൽ എത്തിയ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ശ്രദ്ധയിൽ നാട്ടുകാര്യം ജനപ്രതിനിധികളും വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. മതിൽ പൊളിച്ചു നീക്കി മൂന്ന് മീറ്റർ അകത്തേക്ക് കയറ്റി കെട്ടുന്നതിന് ആവശ്യമായ തീരുമാനം കൈക്കൊള്ളുന്നതിന് മന്ത്രി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അഞ്ചു മാസം കഴിഞ്ഞിട്ടും മതിൽ പൊളിക്കുന്നതിന് ആവശ്യമായ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
മതിൽ പുനർ നിർമിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാണ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം. ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് പി.ഡബ്ല്യു.ഡിക്ക് ഉപയോഗപ്പെടുത്താൻ നിയമ തടസമുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
ബി.എസ്.പി ഓഫിസിന്റെ മതിൽ ഉടൻ പൊളിച്ചുനീക്കണം -മുസ് ലിം ലീഗ്
പടിഞ്ഞാറത്തറ: ബാണാസുര സാഗർ പ്രോജക്ട് ഓഫിസ് മതിൽ ഉടൻ പൊളിച്ചു നീക്കണമെന്ന് പടിഞ്ഞാറത്തറ ടൗൺ മുസ് ലിം ലീഗ് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. എം.പി ഫണ്ടോ എം.എൽ.എ ഫണ്ടോ അനുവദിക്കുകയോ നിലവിലുള്ള ഫണ്ടിൽ നിന്നും മതിലിന് ആവശ്യമായ ഫണ്ട് കണ്ടെത്തി പുനർ നിർമിക്കുകയോ ചെയ്യണം. ഇല്ലെങ്കിൽ നിലവിലുള്ള സി.എഫ്.സി ഫണ്ടിൽ ഉൾപ്പെടുത്തി മതില് പൊളിച്ച് പുനർ നിർമിക്കുന്നത് ആവശ്യമായിട്ടുള്ള നടപടികൾ കൈക്കൊള്ളണമെന്നും ലീഗ് ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് എം.എൽ.എക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു. പ്രസിഡന്റെ എം.കെ. മമ്മൂട്ടി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ. അബ്ദുൽ നാസർ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കെ. ഹാരിസ്. സി.കെ. ഇബ്രാഹിം ഹാജി. എ.സി. മൊയ്തു. ഇബ്രാഹിം കാഞ്ഞായി, എ. മൂസ. പി.കെ. അബൂബക്കർ. വി.കെ. മമ്മു. പി. മുസ്തഫ, വി.പി. ഉസ്മാൻ, പി. ഹാരിസ് എന്നിവർ സംസാരിച്ചു.