അപകടക്കെണിയായി ഓവുചാലുകൾ; വികസനം വരുമ്പോൾ ടൗണിൽ ഇരിപ്പിടവും നടപ്പാതയും നഷ്ടപ്പെടുന്നു
text_fieldsമൊതക്കര റോഡിൽ പുതുതായി നിർമിച്ച ഓവുചാൽ, പഴയ ഓവുചാലിൽ രൂപപ്പെട്ട കുഴി
വെള്ളമുണ്ട: ഓവുചാൽ നിർമിച്ചപ്പോൾ ഏക ബസ് കാത്തിരുപ്പു കേന്ദ്രവും നഷ്ടപ്പെട്ടു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ എട്ടേനാൽ ടൗണിലാണ് ഓരോ വികസന ശേഷവും ഇരിപ്പിടവും നടപ്പാതയും നഷ്ടപ്പെട്ടുന്നത് പതിവായത്. 2006ൽ മൊതക്കര റോഡ് വികസിച്ചപ്പോഴാണ് ടൗണിലുണ്ടായിരുന്ന ഏക ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. റോഡ് നിർമാണശേഷം ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമിക്കുമെന്ന് പഞ്ചായത്ത് നാട്ടുകാർക്ക് ഉറപ്പുനൽകിയെങ്കിലും നടപടികളുണ്ടായില്ല.
അയ്യായിരത്തോളം വിദ്യാർഥികൾ വന്നിറങ്ങുന്ന ടൗണിനോട് അധികൃതർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് പിന്നീട് നാട്ടുകാർ റേഷൻ കടമുക്ക് വാട്സാപ്പ് കൂട്ടായ്മയിൽ ടൗണിനു നടുവിൽ ഓവുചാലിന് മുകളിലായി താത്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചു. ഈ ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞ മാസം വീണ്ടും പൊളിച്ചു. ഓവുചാൽ നിർമാണത്തിനായാണ് ടൗണിലെ ഏക ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചത്. ഓവുചാൽ നിർമിച്ച് നടപ്പാതയൊരുക്കി സ്ലാബിനുമുകളിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഒരുക്കാം എന്ന ഉറപ്പിലാണ് അതും പൊളിച്ചത്.
എന്നാൽ, തികച്ചും അശാസ്ത്രീയമായ രീതിയിൽ ഓവുചാൽ നിർമിച്ച് സ്ലാബ് പോലുമിടാതെ കരാറുകാരൻ മുങ്ങി. ഇതോടെ ഈ വഴിയുള്ള കാൽനടയാത്രയും പ്രതിസന്ധിയിലായി. പഴയ സ്ലാബുള്ള ഓവുചാൽവരെ നടന്ന് വരുന്ന കാൽ നടയാത്രക്കാർ പുതിയ സ്ലാബില്ലാത്ത ഓവുചാലിൽ വീഴുന്നത് പതിവായതോടെ നാട്ടുകാർ കട്ട നിരത്തി ഈ ഭാഗം അടക്കുകയായിരുന്നു. ഓവുചാൽ വന്നപ്പോൾ ഇരിപ്പിടവും നടപ്പാതയും നഷ്ടപ്പെട്ടു. മറുവശത്തുള്ള നടപ്പാതയിലും ഗർത്തങ്ങൾ രൂപപ്പെട്ട് വിദ്യാർഥികളടക്കം അപകടത്തിൽപ്പെടുന്നത് പതിവാണ്.
ഓട്ടോ സ്റ്റാൻഡിനരികിലെ ഓവുചാൽ ഓട്ടോറിക്ഷ ഡ്രൈവർമാർക്കും ദുരിതമായി. റോഡ് ഉയരുകയും ചാലിനോട് ചേർന്ന ഭാഗം താഴുകയും ചെയ്തതിനാൽ വണ്ടി ഇറക്കിവെക്കാൻ നിർമിച്ച ഭാഗവും ഉപയോഗശൂന്യമായി. കരാറുകാരനും ചുരുക്കം ചിലർക്കും സാമ്പത്തിക ലാഭം ഉണ്ടാകുന്ന പുതിയ പദ്ധതികൾ നിലവിലുള്ള വികസനങ്ങൾ കൂടി മുടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.


