എന്നുതീരും പുളിഞ്ഞാൽ റോഡ് പണി...? കൂനിന്മേൽ കുരുവായി ജലനിധി പൈപ്പിടൽ
text_fieldsപണി ഇഴഞ്ഞുനീങ്ങുന്ന പുളിഞ്ഞാൽ റോഡ്
വെള്ളമുണ്ട: നിർമാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ പുളിഞ്ഞാൽ റോഡ്. റോഡുപണി ഇഴഞ്ഞു നീങ്ങുമ്പോൾ കനത്ത പൊടിയിൽ ജനം രോഗികളായി മാറുകയാണ്. യാത്രാദുരിതം വേറെയും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുളിഞ്ഞാല്‍-മൊതക്കര തോട്ടോളിപ്പടി റോഡു പണിയാണ് നാലു വർഷമായിട്ടും പൂർത്തിയാകാത്തത്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒമ്പത് കോടി രൂപ ചെലവില്‍ 2021ലാണ് റോഡുപണി തുടങ്ങിയത്.
10 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡിൽ മിക്ക ഭാഗങ്ങളിലും നിലവിൽ പൊടി ശല്യവും ചളിയുമാണ്. ചെറുമഴ പെയ്താൽ പോലും റോഡിലൂടെയുള്ള കാല്‍നടയാത്ര ദുരിതമാണ്. ഒച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയമായി നടക്കുന്ന പ്രവൃത്തിക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ഇപ്പോഴും ഒരു ഭാഗത്ത് പോലും കൃത്യമായി നിർമാണം പൂർത്തിയായിട്ടില്ല. പുളിഞ്ഞാല്‍-മൊതക്കര തോട്ടോളിപ്പടി റോഡിൽ ജലനിധി പദ്ധതിയുടെ പൈപ്പിടലിന് കുഴിച്ചതുമുതൽ ഇരട്ടി ദുരിതം പേറുകയാണ് ഗ്രാമം.
ഒരു ഭാഗത്ത് സോളിങ് നടത്തിയ റോഡുകൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിടങ്ങുകൾ നിർമിച്ച് പൈപ്പിടുകയാണ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് പണി നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സമയത്ത് പൊടിപടലങ്ങൾ കാരണം നടന്ന് പോലും ഈ റോഡിലൂടെ പോകാൻ കഴിയില്ല, പ്രദേശത്തുള്ള വീടുകളൊക്കെ പൊടിപടലത്താൽ മുങ്ങിയിരിക്കുകയാണ്. എം.പിമാരുടെ ശിപാർശയിലൂടെയും സംസ്ഥാന ലെവൽ കമ്മിറ്റിയുടെയും ശപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന റോഡിന്റെ നിർമാണ ചുമതല സംസ്ഥാന സർക്കാരിനാണ്.
ഈ റോഡിന്റെ വിഷയം മുമ്പ് എം.പി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ ഉന്നയിച്ചിരുന്നു. ജൽ ജീവൻ മിഷന്റെ പൈപ്പിടൽ കഴിഞ്ഞാൽ റോഡുണി തുടങ്ങുംമെന്നാണ് നിർവഹണ ഉദ്യോഗസ്ഥൻ പറഞ്ഞതെന്നാണ് സമരസമിതിയ അറിയിച്ചത്. എന്നാൽ, നിർമാണ പ്രവൃത്തി പഴയപടി ഇഴയുകയാണ്. അടുത്ത മഴക്ക് മുമ്പെങ്കിലും പണി തീരുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.