നാഥനില്ലാതെ കായിക താരങ്ങൾ, കണ്ണ് തുറക്കാതെ വയനാട് ജില്ല
text_fieldsമുളവടിയിൽ ചാടുന്ന അഭിനവ് (ഫയൽ ഫോട്ടോ)
വെള്ളമുണ്ട: കായികമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടി കായികതാരങ്ങൾ അധികൃതരുടെ അനാസ്ഥമൂലം ജില്ല വിടുന്നു. ജില്ല നേരിടുന്ന കായിക രംഗത്തെ അവഗണന വർഷം തോറും ചർച്ചയാവാറുണ്ടെങ്കിലും കൃത്യമായ ഇടപെടലോ പരിഹാരങ്ങളോ ഉണ്ടാവുന്നില്ല.
ജില്ലക്ക് മുതൽകൂട്ടാവേണ്ട കായിക താരങ്ങളാണ് ചുരമിറങ്ങി മറ്റു ജില്ലകൾക്കായി മെഡൽ കൊയ്യുന്നത്. മലപ്പുറം ജില്ലയിലെ മികച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അറിയപ്പെടുന്ന കായിക താരങ്ങളിൽ വയനാട്ടുകാർ ഏറെയുണ്ട്. ഈ വിദ്യാലയങ്ങളിൽ കായിക രംഗത്തുള്ള 100 കുട്ടികളിൽ 20 പേരും വയനാട് ജില്ലക്കാരാണെന്ന് അധ്യാപകർ തന്നെ പറയുന്നു. ജില്ലകായിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കു വേണ്ട എല്ലാ സജ്ജീകരണങ്ങളും സൗജന്യമായി നൽകിയാണ് മറ്റു ജില്ലകളിലെ വിദ്യാലയങ്ങൾ ഇവരെ കൊണ്ടുപോകുന്നത്.
ഇത്തവണ നടക്കുന്ന വേൾഡ് മീറ്റിന് മെൻസ് യു20 400 മീറ്റർ ഓട്ടത്തിലേക്ക് കേരളത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരിൽ ഒരാൾ വയനാട്ടുകാരനാണ്. കഴിഞ്ഞ മാസം നടന്ന നാഷനൽ സൗത്ത് സോൺ മീറ്റിലും വയനാട്ടിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ലോകനിലവാരത്തിൽ ഉയരുന്ന കായിക താരങ്ങളുണ്ടായിട്ടും ആവശ്യമായ പ്രോത്സാഹനം നൽകാൻ വിദ്യാഭ്യാസവകുപ്പും വിദ്യാലയങ്ങളും സ്പോർട്സ് കൗൺസിലും തയാറായിട്ടില്ല. ജില്ല-സംസ്ഥാന കായിക മത്സരങ്ങളിൽ ഏഴ് വരെ സ്ഥാനം നേടുന്ന വിദ്യാർഥികളെ കണ്ടെത്തി അവർക്ക് തുടർച്ചയായ പരിശീലനം നൽകാനുള്ള പദ്ധതി ജില്ല പഞ്ചായത്ത് ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒരു വർഷമായിട്ടും വിദ്യാർഥികളുടെ ലിസ്റ്റ് നൽകാൻ പോലും വിദ്യാലയങ്ങൾ തയാറായിട്ടില്ലെന്നാണ് അറിയുന്നത്.
സംസ്ഥാന തലത്തിൽ സ്വർണം നേടുന്ന വിദ്യാർഥികൾക്ക് ഒരു പ്രോത്സാഹനവും വിദ്യാലയങ്ങളിൽനിന്ന് ലഭിക്കുന്നല്ല. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളാവട്ടെ സ്വന്തംനിലയിലാണ് മത്സരങ്ങൾക്കെത്തുന്നതും സ്പോർട്സ് ഉപകരണങ്ങൾ വാങ്ങുന്നതും. സംസ്ഥന മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പോകുന്നതിനു മുമ്പുള്ള ഒന്നോ രണ്ടോ ദിവസത്തെ പരിശീലന പ്രഹസനവും വയനാട് ജില്ലയുടെ പ്രത്യേകതയാണ്.
പഠനത്തിനിടയിൽ സ്വന്തമായി സമ്പാദിച്ച് സ്പൈക്കും ജഴ്സിയും വാങ്ങേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്ക്. കായിക താരങ്ങളെ സാമ്പത്തികമായി സഹായിക്കണമെന്ന ആവശ്യമുയരുമ്പോൾ കൈമലർത്തുന്ന അധികൃതർ കൂടിയാണ് ജില്ലയുടെ കായിക പിന്നോക്കാവസ്ഥക്ക് കാരണം.
ഉപകരണങ്ങൾ കിട്ടിയാലല്ലേ പരിശീലനം
ഈ വർഷത്തെ കായിക മേളയിൽ മുള വടി കൊണ്ട് ചാടി പോൾവാൾട്ടിൽ വിജയം കൊയ്ത അഭിനവിന്റെ വാർത്ത വൈറലായിരുന്നു. കായിയ താരത്തിന് നൽകാൻ ഒരു പോൾവാട്ട് പോലുമില്ലാത്ത ജില്ലയുടെ അവസ്ഥയാണ് ഏറെ ചർച്ചയായത്. സംഭവം വാർത്തയായതോടെ മന്ത്രി ഇടപെടുകയും മന്ത്രി ഒ.ആർ. കേളു അഭിനവിന് പോൾവാട്ട് നൽകുകയും ചെയ്തു. സംസ്ഥാന മത്സരത്തിൽ ഈ പോൾ വാട്ട് ആശ്വാസമാണെങ്കിലും തുടർന്നുള്ള പരിശീലനത്തിന് സംവിധാനം ഇപ്പോഴുമില്ല. പോൾവാൾട്ട് കൊണ്ട് പരിശീലിക്കണമെങ്കിൽ ചാടുന്ന സ്ഥലത്തെ ബെഡ് കൂടെ വേണം ജില്ലയിലെ വിദ്യാർഥികൾക്ക് അത് കിട്ടാനില്ല.
കായിക രംഗത്ത് നിലവിൽ ചിലവഴിക്കുന്ന ഫണ്ടും ശാസ്ത്രീയമായല്ല വിനിയോഗിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ സ്പോർട്സ് ഉപകരണങ്ങൾ പലതും വിദ്യാലയങ്ങളിൽ ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 80 ഓളം ഹഡിൽസ് അന്ന് പനമരത്താണ് സൂക്ഷിച്ചത്. ഒരു വിദ്യാലയത്തിന് ഇത്രയധികം ഹഡിൽ ആവശ്യമില്ല. ഒരു ഗ്രൗണ്ടിൽ 10 ഹഡിൽസ് മാത്രമാണ് മത്സരങ്ങൾക്ക് ഉപയോഗിക്കുക.
കൂടുതലുള്ളത് സൂക്ഷിച്ച് വെച്ച് ഉപകാരമില്ലാതെ പോവുകയാണ്. ഉള്ളത് അവിടെ ഉപയോഗിക്കുന്നുമില്ലെന്ന് കായികാധ്യാപകർ പറയുന്നു. ജില്ലതലത്തിൽ പനമരംഭാഗത്തുനിന്ന് ഹഡിലിൽ കാലങ്ങളായി ഒരു വിദ്യാർഥി പോലും പങ്കെടുക്കാത്തതും ചർച്ചയാണ്. ഹഡിൽ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നവർക്ക് ഇത് ഉപയോഗപ്പെടുത്താൻ നൽകാത്തതും തിരിച്ചടിയാണ്. വിദ്യാലയങ്ങളുടെ രജിസ്റ്ററിൽ രേഖപ്പെടുത്താത്തതിനാലാണ് പുറത്തു നിന്നുള്ള വിദ്യാർഥികൾക്ക് പരിശീലനത്തിന് നൽകാനാത്തത്.
പല സ്ഥലങ്ങളിലായി ഉപയോഗമില്ലാതെ കിടക്കുന്ന കായിക ഉപകരണങ്ങൾ ജില്ല-സംസ്ഥാന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് പരിശീലനത്തിന് നൽകാനുള്ള നടപടി വേണമെന്നാണ് അധ്യാപകരുടെ ആവശ്യം.


