ബസില്ല; ബാണാസുര ഡാം സന്ദർശകർ ദുരിതത്തിൽ
text_fields1. ബാണാസുര ഡാമിന്റെ പ്രധാന ഗേറ്റിനു മുൻവശത്തെ കച്ചവടസ്ഥാപനങ്ങൾ 2. ഡാമിനു സമീപത്തെ ഇടുങ്ങിയ പാലങ്ങളിലൊന്ന്
വെള്ളമുണ്ട: ബസ് സർവിസില്ലാത്ത ഏകവിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര ഡാം. ഇവിടം സന്ദർശിക്കാനെത്തുന്ന സാധാരണക്കാരാണ് ഇതു മൂലം ദുരിതത്തിലായത്.
ബാണാസുര സാഗറിലേക്കുള്ള വിനോദ സഞ്ചാരികളുടെ സൗകര്യം കൂടി കണക്കിലെടുത്ത് ആരംഭിച്ച പടിഞ്ഞാറത്തറ-പന്തിപ്പൊയിൽ-മാനന്തവാടി ബസുകൾ ഇതുവഴിയുള്ള ഓട്ടം നിർത്തിയതാണ് തിരിച്ചടിയായത്. ബാണാസുര ഡാമിന് മുൻവശത്തെ റോഡ് കൈയേറിയുള്ള കച്ചവടങ്ങളും പ്രധാന ഗേറ്റിനരികിലെ ഇടുങ്ങിയ പാലങ്ങളും ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനാൽ സമയത്തിന് ഓടിയെത്താനാവുന്നില്ലെന്ന കാരണം പറഞ്ഞാണ് ഇതുവഴി ഓടിയിരുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾഒരേസമയം ഓട്ടം നിർത്തിയത്.
ബസ് സർവിസ് നിലച്ചിട്ട് ഏറെയായെങ്കിലും പരിഹരിക്കുന്ന അധികൃതരുടെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. നിലവിൽ ഡാം വഴി പോകാതെ പന്തിപ്പൊയിൽ ടൗണിലെത്തി മറ്റൊരു വഴിക്കാണ് ബസുകൾ സർവീസ് നടത്തുന്നത്. ബസ് സർവിസില്ലാത്തതു കാരണം പടിഞ്ഞാറത്തറ ടൗണിലിറങ്ങി ഓട്ടോ പിടിച്ചാണ് സ്വന്തമായി വാഹനമില്ലത്ത വിനോദസഞ്ചാരികൾ ബാണാസുര ഡാമിൽ എത്തുന്നത്. ഹൈഡൽ ടൂറിസം കേന്ദ്രത്തിന്റെ പ്രധാന കവാടത്തിനരികിലെ കച്ചവട സ്ഥാപനങ്ങൾ മത്സരബുദ്ധിയോടെ റോഡിലേക്കിറക്കി നിർമിച്ചിരിക്കുന്നതിനാൽ എല്ലാ സമയവും ഇവിടെ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുണ്ട്. ഒറ്റ വാഹനത്തിന് മാത്രം കടന്നു പോകാൻ കഴിയുന്ന സമീപത്തെ പഴയ പാലവും വാഹനഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. ബാണാസുര ഡാം സന്ദർശിക്കാനെത്തുന്നവർക്ക് ഏറെ ഉപകാര പ്രഥമായിരുന്ന ബസ് സർവീസാണ് നിർത്തിയത്.
ബാണാസുര കെ.എസ്.ഇ.ബി അധികൃതരും ജില്ല കലക്ടറും ഇടപെട്ട് പല തവണറോഡ് കൈയേറിയുള്ള കച്ചവടങ്ങൾക്കെതിരെ നടപടി എടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെട്ട് നടപടി ഒഴിക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്.