പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത: വനംവകുപ്പ് ആദ്യ റിപ്പോർട്ട് തിരുത്തുമോ?
text_fieldsവെള്ളമുണ്ട: പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാതയുടെ അന്തിമ റൂട്ടിന്റെ സർവേ കഴിഞ്ഞ ദിവസം പൂർത്തിയായി. ഇതോടെ വനംവകുപ്പിന്റെ ആദ്യ റിപ്പോർട്ട് തിരുത്തുമോയെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും. പനംകടവ് മുതൽ താഴെ കരിങ്കണ്ണി വരെ മൂന്നുകിലോമീറ്ററോളം വളവും കയറ്റവും ദൂരവും കുറഞ്ഞ റൂട്ട് കണ്ടത്തിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയുടെ സാങ്കേതിക വിദഗ്ധർ കഴിഞ്ഞദിവസം സർവേ പൂർത്തിയാക്കിയത്. ഈ റൂട്ടിൽ നിലവിലുള്ള റോഡ് ഒഴിവാക്കി പുതിയ അലൈൻമെന്റിൽ ഒരു കിലോമീറ്ററോളം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024 മാർച്ചിലാണ് ബദൽ റോഡ് ഇൻവെസ്റ്റിഗേഷനായി ഒന്നരക്കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചത്. ഊരാളുങ്കൽ ഏറ്റെടുത്ത പ്രവൃത്തിയിൽ വയനാട് ജില്ലയിലെ സർവേ ഒരു വർഷം മുമ്പ് കഴിഞ്ഞിരുന്നു. മലബാർ വന്യജീവി സങ്കേത മേഖല ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശത്ത് സർവേ നടത്താൻ വനംവകുപ്പിന്റെ അനുമതി വൈകുകയായിരുന്നു.
2025 ജൂൺ 13നാണ് സർവേ നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്. പിന്നീട്, കാലവർഷം ശക്തമായതോടെ സർവേ മുടങ്ങി. ജനകീയ സമരം ശക്തമായതോടെ മന്ത്രി ഇടപെട്ട് സർവേ വേഗത്തിലാക്കുകയും 25ന് മുമ്പ് പ്രാഥമിക ഡി.പി.ആർ തയാറാക്കാനും തീരുമാനിച്ചു. ഇത് കിട്ടിയ ശേഷം വിശദ ഡി.പി.ആർ തയാറാക്കാനുള്ള നടപടി ആരംഭിക്കും. ബദൽ റോഡിന്റെ രണ്ട് റൂട്ടിലൂടെയുള്ള അലൈൻമെന്റ് സമർപ്പിക്കുമെന്നാണ് അറിയുന്നത്.
എന്നാൽ, പുതിയ പഠന റിപ്പോർട്ട് സമർപ്പിച്ചാലും വനംവകുപ്പ് മുമ്പ് കേന്ദ്രത്തിനു നൽകിയ റിപ്പോർട്ട് തടസ്സമാവാനിടയുണ്ടെന്ന് സാമൂഹ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഏജൻസി സമർപ്പിക്കുന്ന റിപ്പോർട്ട് പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പുനൽകുമ്പോഴും വനംവകുപ്പിന്റെ റിപ്പോർട്ട് അവർ തിരുത്താത്തിടത്തോളം തർക്കം ഉയരാനും പദ്ധതി നീളാനും സാധ്യതയുണ്ട്.


