ബസുകൾ കട്ടപ്പുറത്ത്; പെരുവഴിയിലായി വിദ്യാർഥികൾ
text_fieldsവെള്ളമുണ്ട എ.യു.പിയിലെ സ്കൂൾ ബസ് പി.ടി.എ അംഗങ്ങൾ തടയുന്നു
വെള്ളമുണ്ട: ഇൻഷുറൻസ് അടക്കാത്തതിനാലും അറ്റകുറ്റപ്പണി നടത്താത്തതിനാലും വെള്ളമുണ്ട എ.യു.പി സ്കൂളിലെ രണ്ട് ബസുകൾ കട്ടപ്പുറത്തായത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു. ഇതിൽ പ്രതിഷേധിച്ച് സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ ബസ് തടഞ്ഞു. വിദ്യാർഥികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പട്ടാണ് പി.ടി.എ കമ്മിറ്റി ബസ് തടഞ്ഞത്. മൂന്ന് ബസ്സുണ്ടായിരുന്ന വിദ്യാലയത്തിൽ ഇപ്പോൾ ഒരു മിനി ബസ് മാത്രമാണ് ഓടുന്നത്. ഒരു ബസ് ഇൻഷൂർ അടക്കാത്തതിനാലും മറ്റൊന്ന് അറ്റകുറ്റപ്പണി നടത്താതെ ഇട്ടിരിക്കുന്നതിനാലും ബസുകളിൽ വന്നിരുന്ന മുഴുവൻ വിദ്യാർഥികളെയും ഒരു ചെറിയ വാഹനത്തിലാണ് കഴിഞ്ഞ മാസങ്ങളിൽ എത്തിച്ചിരുന്നത്.
230 വിദ്യാർഥികളാണ് സ്കൂൾ ബസിൽ കയറുന്നത്. ഒറ്റ വാഹനത്തിൽ ഇവരെ എത്തിക്കുന്നതിനാൽ ക്ലാസ് തുടങ്ങി 11 മണി വരെ വിദ്യാർഥികളെ എത്തിക്കുകയും മൂന്നു മണിക്ക് വിടേണ്ടിയും വരുന്നു. ഇതു കാരണം വിദ്യാർഥികളുടെ പഠനം മുടങ്ങുന്നത് ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് പി.ടി.എ പ്രസിഡന്റ് മുനീർ പറഞ്ഞു. ഇൻഷൂറൻസ് സ്കൂൾ മാനേജറാണ് അടക്കേണ്ടതെന്നും അത് അടക്കാത്തതാണ് ബസ് നിൽക്കാൻ കാരണമെന്നും മുനീർ പറഞ്ഞു.
എന്നാൽ, ബസ് വാങ്ങി നൽകുക മാത്രമാണ് മാനേജറുടെ ഉത്തരവാദിത്വമെന്നും അത് മറ്റു ചെലവുകൾ നടത്തേണ്ടത് വിദ്യാലയത്തിന്റെ ബാധ്യതയാണെന്നുമാണ് മാനേജറുടെ വാദം. ബസ്സിന്റെ അറ്റകുറ്റപ്പണിക്കയി ഒരു ലക്ഷം രൂപ സ്വന്തം നിലയിൽ ചെലവഴിച്ചു വെന്നും ഇനിയും ഇൻഷൂറടക്കമുള്ള ബാധ്യതകൾ താങ്ങാനാവില്ലെന്നും പ്രധാനാധ്യാപിക ഷൈല ടീച്ചർ പറഞ്ഞു. 11000 രൂപ നഷ്ടത്തിലാണ് ബസ് ഓടുന്നതെന്ന് അധ്യാപകരും പറയുന്നു.
വാഹനസൗകര്യം ഉണ്ടാകുമെന്നു പറഞ്ഞാണ് വിദ്യാർഥികളെ ചേർത്തതെന്നും ഇടക്കാലത്ത് ബസ് ഇല്ലെന്ന് പറയുന്നത് നീതികേടാണെന്നും രക്ഷിതാക്കൾ പറയുന്നു. മാനേജറും അധ്യാപകരും പി.ടി.എയും വ്യത്യസ്ത തട്ടിലായതോടെ വിദ്യാർഥികൾ പെരുവഴിയിലായ അവസ്ഥയാണ്. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി പി.ടി.എയുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ താത്കാലികമായി സമരം അവസാനിപ്പിച്ചു. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പി.ടി.എയുടെ തീരുമാനം.