മാറ്റമില്ലാതെ ചോരുന്ന കൂരയിലെ ആദിവാസി ജീവിതങ്ങൾ
text_fieldsചോർന്നൊലിക്കുന്ന കൂരക്ക് മുന്നിൽ ബാലൻ
വെള്ളമുണ്ട: ആദിവാസി ക്ഷേമത്തിനുവേണ്ടി കോടികൾ ഒഴുക്കുമ്പോഴും ചോരുന്ന കൂരയിലെ ആദിവാസി ജീവിതങ്ങൾക്ക് മാറ്റമില്ല. ജില്ലയിലെ നിരവധി കോളനികളിലെ ജനങ്ങൾ ചോരുന്ന കൂരയിലാണ് ഇന്നുമുള്ളത്. ചാറ്റൽ മഴ പെയ്താൽ പോലും ഇവർക്ക് കിടന്നുറങ്ങാനാവില്ല. വെള്ളമുണ്ട പഞ്ചായത്തിലെ ഉണ്ടാടി കോളനി, വാളാരംകുന്ന് കോളനി, കട്ടയാട് വെള്ളരിക്കോളനി, മംഗലശ്ശേരി കോളനി, തൊണ്ടർനാട് പഞ്ചായത്തിലെ കുഞ്ഞോം കോളനി, പടിഞ്ഞാറത്തറ പഞ്ചായത്തിലെ ബാണാസുര ഡാമിനരികിലെ കോളനികൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ആദിവാസി കുടുംബങ്ങൾ ദുരിത ജീവിതമാണ് നയിക്കുന്നത്. ഡാം നിർമാണത്തിന് വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികളടക്കം രണ്ടു പതിറ്റാണ്ടിനു ശേഷവും പുനരധിവാസ ഭൂമിയിൽ ദുരിത ജീവിതം നയിക്കുന്നത് പതിവു കാഴ്ചയാണ്. പണിയ വിഭാഗത്തിന്റെ കോളനികളിലാണ് നിരവധി കുടുംബങ്ങൾ പ്ലാസ്റ്റിക് ഷെഡുകളിൽ താമസിക്കുന്നത്. വൃദ്ധരും കൈക്കുഞ്ഞുങ്ങളുമടക്കം താമസിക്കുന്ന പ്ലാസ്റ്റിക് കൂരയിലെ ജീവിതം ദുരിതപൂർണമായിട്ടും നടപടികളുണ്ടാകുന്നില്ല. കാറ്റടിച്ചാൽ പറന്നു പോകുന്ന കൂരകളിൽ നാലും അഞ്ചും ജീവിതങ്ങളുണ്ട്. ഒറ്റമുറിയിൽ വെള്ളം കിനിയുന്ന നിലത്താണ് പലരും കിടക്കുന്നത്. പുതുതായി നിർമിച്ച വീടുകൾ പോലും വാസയോഗ്യമല്ലെന്ന് ആദിവാസികൾ പറയുന്നു. കുടിലുകളിൽ വിദ്യാർഥികളുടെ പഠനവും അവതാളത്തിലാണ്.
ട്രൈബൽ വകുപ്പിനും മിണ്ടാട്ടമില്ല
വെള്ളമുണ്ട: മാരകരോഗം കൊണ്ട് ദുരിതം പേറുന്ന കുടുംബങ്ങളെ പോലും ട്രൈബൽ വകുപ്പ് പരിഗണിക്കാറില്ലെന്ന് ആരോപണമുണ്ട്. വെള്ളമുണ്ട കട്ടയാട് പ്രദേശത്തെ ആദിവാസി കോളനിയിലെ അർബുദ രോഗിയായ ബാലൻ മഴ പെയ്യുമ്പോൾ ഉറങ്ങാറില്ല. ചോരുന്ന കൂരയിൽ മഴ വെള്ളം വീഴാതിരിക്കാൻ പാത്രം നിരത്തി വെച്ച് ഇരുന്ന് നേരം വെളുപ്പിക്കുകയാണ് പതിവ്. നാട്ടുകാർ ബാലന്റെ ദുരിതം ട്രൈബൽ വകുപ്പിനെ അറിയിച്ചപ്പോൾ മേൽകൂരയിൽ ടാർപോളിൻ ഇട്ട് മുങ്ങുകയായിരുന്നു. വർഷാവർഷം ഇതുപോലെ പരിഹരിക്കുന്ന കിടപ്പാട പ്രശ്നം കാലങ്ങളായി മാറ്റമില്ലാതെ തുടരുന്നത് തികഞ്ഞ അനീതിയാണെന്ന് നാട്ടുകാർ പറയുന്നു. വന മേഖലകളോട് ചേർന്ന ഭാഗങ്ങളിലും മലമുകളിലും താമസിക്കുന്നവർ മഴ ശക്തമാകുന്നതോടെ പറന്നു പോകുന്ന കൂര വിട്ട് ബന്ധുവീടുകളിൽ അഭയം തേടുകയാണ് പതിവ്. ചോരുന്ന കൂരകൾ ഒഴിവാക്കുന്നതിന് പകരം പ്ലാസ്റ്റിക് ഷീറ്റുകൾ നൽകി വോട്ടുറപ്പിക്കുകയാണ് ജനപ്രതിനിധികൾ. ആദിവാസികളുടെ പേരിൽ പാഴാവുന്ന കോടികളുടെ കണക്ക് പോലും പൊതു സമൂഹത്തിൽനിന്ന് മറച്ചുവെക്കാനാണ് ബന്ധപ്പെട്ടവരുടെ വ്യഗ്രത.