ആദിവാസി ഭാര്യമാരെ വലയിലാക്കി കുറ്റ്യാടിക്കല്യാണം
text_fieldsപ്രതീകാത്മക ചിത്രം
വെള്ളമുണ്ട: വയനാട്ടിൽ ആദിവാസി ഭാര്യമാരെ വലയിലാക്കി കുറ്റ്യാടിക്കല്യാണങ്ങൾ. കുടുംബമായി താമസിക്കുന്ന വീട്ടമ്മമാരെ പ്രലോഭിപ്പിച്ചും പണം നൽകിയും വലയിലാക്കി കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് കല്യാണം കഴിച്ചയക്കുകയാണ് ചെയ്യുന്നത്. ചിലയിടങ്ങളിൽ ഭർത്താവിനൊപ്പം ജീവിക്കുന്ന ആദിവാസി സ്ത്രീകളെ പോലും വിവാഹബന്ധം വേർപ്പെടുത്താതെ മറ്റൊരാൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്ന സംഭവവുമുണ്ടാകുന്നുണ്ട്.
ലക്ഷങ്ങളുടെ കമീഷൻ ഇടപാടാണ് ഓരോ കല്യാണത്തിലും നടക്കുന്നത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന ജാതിയിലെ പുരുഷന്മാർക്ക് കല്യാണം കഴിക്കാൻ അതേ ജാതിയിലുള്ള വധുക്കളെ കിട്ടാത്ത അവസ്ഥയുണ്ട്. ഇതിനാൽ ഇത്തരം പുരുഷൻമാർക്ക് വയസ്സ് കൂടുമ്പോഴും കല്യാണം നടക്കുന്നില്ല. ഇതിനാലാണ് ഇവർ വയനാട്ടിലെ ആദിവാസി വിഭാഗത്തിലുള്ള സ്ത്രീകളെ കല്യാണം കഴിക്കുന്നത്. ഇത്തരം കുറ്റ്യാടിക്കല്യാണങ്ങൾ നേരത്തേ തന്നെയുണ്ട്.
എന്നാൽ, വൈവാഹിക ജീവിതത്തിൽ കഴിയുന്ന സ്ത്രീകളെ പ്രലോഭിപ്പിച്ച് മറ്റൊരാൾക്ക് വിവാഹം ചെയ്തുകൊടുക്കുന്ന സംഭവങ്ങളും ഏറിവരുകയാണ്. ആചാര പ്രകാരമാണ് പണിയ വിഭാഗം കല്യാണം കഴിക്കുക. ഇതിനൊന്നും രേഖകൾ ഉണ്ടാവാത്തതിനാൽ മറ്റൊരാളുടെ ഭാര്യയെ കല്യാണം കഴിക്കുന്നത് നിയമപരമായി തടയാനുമാകാത്ത സ്ഥിതിയാണ്. വെള്ളമുണ്ടയിൽ കഴിഞ്ഞ 27 വർഷമായി കുടുംബമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ ആദിവാസി സ്ത്രീയെ വിവാഹബന്ധം വേർപെടുത്താതെ കുറ്റ്യാടി ഭാഗത്തെ ഒരാൾക്ക് കല്യാണം ചെയ്ത് കൊടുത്തത് അടുത്തിടെയാണ്.
സംഭവത്തിൽ ഭർത്താവ് വെള്ളമുണ്ട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാട്ടിക്കുളത്ത് ഒരു കടയിൽ ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് സ്ത്രീയെ കടത്തിക്കൊണ്ട് പോയി വിവാഹം ചെയ്തത്. ഇതേ പണിയ കോളനിയിൽനിന്നും അഞ്ച് പെൺകുട്ടികളെ അടുത്ത കാലത്തായി കുറ്റ്യാടിക്കല്യാണം നടത്തിയിട്ടുണ്ട്. ഓരോ കല്യാണത്തിനും രണ്ടു ലക്ഷം രൂപയാണ് കമീഷനായി ദല്ലാളുമാർ വാങ്ങുന്നതെന്ന് ജനപ്രതിനിധികളടക്കം പറയുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന ആചാരപ്രകാരമാണ് ആദിവാസി വിഭാഗങ്ങളിൽ വിവാഹം നടക്കുന്നത്. പണം കെട്ടി, മൂന്നുതവണ കോലും വല്ലിയും (വിറകും അവശ്യസാധനങ്ങളും) കൊണ്ടുചെന്നു വരൻ പെണ്ണുചോദിക്കുന്നതിലാണ് തുടക്കം.
ദൈവങ്ങളെയും കാരണവന്മാരെയും കുടിയിരുത്തിയ വീട്ടുതിണ്ണയിൽ (തിനെ) പെൺമക്കളിലൂടെ ചെമ്മം വളരട്ടെയെന്ന് ഊരുമൂപ്പൻ പ്രാർഥിക്കും. പിന്നെ ചീനിയൂതി തുടികൊട്ടി രാവെളുക്കുവോളം വട്ടക്കളിയുമായി നാട്ടിലെ വരൻ കൊടുത്തയച്ച പട്ടുസാരിയും മാലയും അണിഞ്ഞ് കല്യാണപ്പെണ്ണ് ഒരുങ്ങിയിറങ്ങുന്ന ചടങ്ങാണ് ആദിവാസി കല്യാണത്തിന്. എന്നാൽ, കാലം മാറിയ കല്യാണത്തിന് ചടങ്ങുകൾ തെറ്റുകയാണ്. കുറ്റ്യാടി കല്യാണങ്ങളിലടക്കം മറ്റു ജില്ലകളിൽനിന്നും പെണ്ണുതേടി വന്ന വരന്റെ വീട്ടുകാർ തീരുമാനിക്കുന്നതാണ് ആദിവാസിക്ക് ചടങ്ങ്.
കുലം അന്യമായി ആദിവാസി സ്ത്രീകൾ
കുറ്റ്യാടിക്കല്യാണത്തോടെ ആദിവാസി പെണ്ണ് കുലം വിട്ടിറങ്ങുകയാണ്. കുറ്റ്യാടിച്ചുരത്തിന് താഴെയുള്ള ഭാഗങ്ങളിലേക്കാണ് ഏറെയും വിവാഹം ചെയ്തയക്കുന്നത്. അതുകൊണ്ടാണ് ആദിവാസി വിഭാഗങ്ങൾക്കിടയിൽ കുറ്റ്യാടിക്കല്യാണം എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. ഈ വിവാഹ മാതൃകക്ക് ചെറിയ കാലത്തിനിടയിൽ വലിയ പ്രചാരമാണു ലഭിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി അസാധാരണമാംവിധം ഇത്തരം കല്യാണങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിൽനിന്നുള്ള പെൺകുട്ടികളാണ് ഇത്തരത്തിൽ വിവാഹിതരായിപ്പോകുന്നത്.
എന്നാൽ, സാമ്പത്തിക ശേഷിയുള്ള കുറുമ, കുറിച്യ വിഭാഗങ്ങളിൽ ഇത്തരം വിവാഹങ്ങൾ വിരളവുമാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ കൂത്തുപറമ്പ്, തലശ്ശേരി, നാദാപുരം, വടകര, കുറ്റ്യാടി, താമരശ്ശേരി ഭാഗങ്ങളിലെ നായർ, തീയ സമുദായത്തിൽ നിന്നുള്ളവരാണ് വധുവിനെ തിരഞ്ഞ് ആദിവാസി ഊരുകളിലെത്തുന്നത്. പ്രാഥമിക കണക്ക് പ്രകാരം മാനന്തവാടി താലൂക്കിൽ മാത്രം ഇത്തരം അഞ്ഞൂറിലധികം വിവാഹങ്ങൾ നടന്നതായാണ് പറയപ്പെടുന്നത്. ആദിവാസി വധുവിന്റെ ആചാരങ്ങളെ പരിഗണിക്കാൻ തയാറാവുന്ന ചിലർ മാത്രമാണ് വിവാഹച്ചടങ്ങ് വയനാട്ടിൽ നടത്തുന്നത്. ഭൂരിഭാഗം വിവാഹവും വരന്റെ നാട്ടിലെ അമ്പലങ്ങളിലാണു നടക്കുന്നത്.
വിപ്ലവകരമായ മാറ്റം, പക്ഷേ....
സാമ്പത്തിക, സാമൂഹിക, രാഷ്ട്രിയ, ജാതി താൽപര്യങ്ങൾ നിറഞ്ഞുനിൽക്കുന്ന മലയാളിയുടെ വിവാഹക്കമ്പോളത്തിൽ പൊടുന്നനെ നടന്ന വിപ്ലവകരമായ മാറ്റമാണ് കുറ്റ്യാടിക്കല്യാണം. വയനാട്ടിലെ ആദിവാസി ഗോത്രങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ ഉത്തരമലബാറിലെ ഗ്രാമീണ മേഖലകളിലെ ഉയർന്ന ജാതികളിൽപ്പെട്ട പുരുഷന്മാർ വിവാഹംചെയ്യുന്നു. ജാതിയിലും സമ്പത്തിലും സാമൂഹിക പ്രാതിനിധ്യത്തിലും പിന്നാക്കം നിൽക്കുന്ന ഗോത്രങ്ങളിൽനിന്നാണ് പുരുഷൻ വധുവിനെ തേടുന്നത്.
അപരിചിതമായ സംസ്കാരത്തിലേക്കും ജീവിതരീതികളിലേക്കും കല്യാണം കഴിയുന്നതോടെ ആദിവാസി സ്ത്രീകൾ എത്തിപ്പെടുകയാണ്. അതുകൊണ്ടു തന്നെ എല്ലാമുപേക്ഷിച്ച് പോകുന്ന ആദിവാസി സ്ത്രീകൾ വലിയ മാനസിക പ്രയാസവും അനുഭവിക്കുന്നുണ്ട്. കല്യാണം കഴിഞ്ഞിറങ്ങുന്ന പെൺകുട്ടികളിൽ പലരും വീടുമായുള്ള ബന്ധം പോലും ഉപേക്ഷിക്കേണ്ടിവരുന്നുണ്ട്. മറ്റൊരു ജാതിയിൽപെട്ട വരനാകട്ടെ വധുവിനെ മാത്രം സ്വീകരിക്കുകയും വധുവിന്റെ കുടുംബത്തെ ഉൾക്കൊള്ളാതിരിക്കുകയും ചെയ്യുന്നു. കല്യാണ ശേഷം ഉയർന്ന ജാതിയിൽപെട്ട വരൻ വധുവിന്റെ വീടുകളിലേക്ക് പോകാറില്ല. സ്വന്തം വീട്ടിൽ പോകണമെന്ന ആവശ്യം പറയുമ്പോൾ പെൺകുട്ടിയെ ഒറ്റക്ക് വിടുകയാണ് പതിവ്.


