അശാസ്ത്രീയ വാർഡുവിഭജനം പൊല്ലാപ്പാകുന്നു
text_fieldsവെള്ളമുണ്ട: പഞ്ചായത്തുകളിലെ അശാസ്ത്രീയമായ വാർഡുവിഭജനത്തിൽ ദുരിതം പേറി സ്ഥാനാർഥികൾ. വ്യത്യസ്ത വാർഡുകളുടെ അതിരുകൾ നീളത്തിലെടുത്താണ് പുതിയ വിഭജനത്തിൽ വാർഡുകളുണ്ടായത്. ഇതുമൂലം വാർഡുകളിലെ വീടുകളിലെത്തി വോട്ടർമാരെ കാണാൻ ഓടിയെത്താനാകാതെ വിയർക്കുകയാണ് സ്ഥാനാർഥികളും പ്രവർത്തകരും. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡു വിഭജനമാണ് ഏറെ പൊല്ലാപ്പാണുണ്ടാക്കിയത്. 1900 വോട്ടുകളോളം ഉള്ള കട്ടയാട് 1300 ഓളം വോട്ടുകളുള്ള പരിയാരമുക്ക് തുടങ്ങി നിരവധി വാർഡുകളുടെ വിഭജനം തികച്ചും അശാസ്ത്രീയമായിരുന്നു.
എന്നാൽ, 800 ൽപരം വോട്ടുകൾ മാത്രമുള്ള കോക്കടവ് വാർഡും ഈ രണ്ട് വാർഡുകൾക്കിടയിലുണ്ട്. രണ്ടു വാർഡിന്റെയും കുറഞ്ഞ ഭാഗങ്ങൾ കൂടി കോക്കടവ് വാർഡിലേക്ക് ചേർക്കാമായിരുന്നെങ്കിലും അതുണ്ടായില്ല. കിലോമീറ്ററുകൾ നടന്ന് 1900 ഓളം വോട്ടർമാരെ കാണുകയെന്നത് സ്ഥാനാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ തവണ 21 വാർഡുകൾ ഉണ്ടായിരുന്ന പഞ്ചായത്തിൽ മൂന്ന് വാർഡുകൾ കൂടി പുതുതായി വന്ന് 24 വാർഡുകളായിട്ടുണ്ട്.
കഴിഞ്ഞ തവണ മുസ് ലിം, ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങൾക്ക് മേൽക്കോയ്മയുള്ള വിവിധ വാർഡുകളുണ്ടായിരുന്നു. ഈ മേൽക്കോയ്മ ഇല്ലാതാക്കുന്നതിനാണ് അശാസ്ത്രീയമായ വാർഡു വിഭജനം നടത്തിയതെന്നും ആക്ഷേപമുണ്ട്. ഒരു വാർഡിലെ ഇത്തരം വോട്ടുകളും പ്രദേശങ്ങളുമാണ് പല വാർഡിലേക്ക് കൂട്ടിച്ചേർത്തത്. ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും സമാന അവസ്ഥയുണ്ട്. വെള്ളമുണ്ടയിലെ അഞ്ചാം വാർഡായ എട്ടേനാൽ വാർഡിലെ പ്രധാന ഭാഗങ്ങളടക്കം നാലും അഞ്ചും കിലോമീറ്റർ അപ്പുറമുള്ള മാനിയിൽ വാർഡിലേക്കടക്കം മാറ്റിയിട്ടുണ്ട്.
ഇത് വോട്ടർമാരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇതോടെ ഇതൊരു മുസ് ലിം ഭൂരിപക്ഷ വാർഡായി മാറുകയും ചെയ്തു. ഇതുവരെ അടുത്ത പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്തവർ ഇത്തവണ ദൂരെയുള്ള വോട്ടിങ് കേന്ദ്രത്തിലെത്തണം. ഇത് വോട്ടർമാരിലും പ്രതിഷേധമുയർത്തിയിട്ടുണ്ട്. സ്ഥാനാർഥികൾ വോട്ടഭ്യർഥനയുമായി ചെല്ലുമ്പോൾ വോട്ടർമാർ ഇക്കാര്യത്തിലുള്ള പ്രതിഷേധം തുറന്നുപറയുന്നുണ്ട്.


