അനധികൃത വെള്ളമെടുക്കൽ; വെള്ളമുണ്ടയിൽ കുടിവെള്ളക്ഷാമം
text_fields1. പുളിഞ്ഞാൽ കുടിവെള്ള പദ്ധതിയിലെ അനധികൃത പൈപ്പുകൾ 2. പുളിഞ്ഞാൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക്
വെള്ളമുണ്ട: ഒരു കാലത്ത് വെള്ളമുണ്ടയുടെ കുടിവെള്ളക്ഷാമം പരിഹരിച്ചിരുന്ന കുടിവെള്ള പദ്ധതി സ്വകാര്യ വ്യക്തികളുടെയും റിസോർട്ടുകളുടെയും കൈയേറ്റത്തിൽ ഇല്ലാതാകുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാനപ്പെട്ട പുളിഞ്ഞാൽ കുടിവെള്ള പദ്ധതിയുടെ പ്രവർത്തനമാണ് നിലവിൽ നാമമാത്രമാകുന്നത്. വെള്ളമുണ്ട, പുളിഞ്ഞാൽ റോഡ് നിർമാണത്തിനായി രണ്ടു വർഷം മുമ്പ് മാസങ്ങളോളം പദ്ധതിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരുന്നു.
വലിയ പ്രതിഷേധം ഉയർന്നതോടെ പുനരാരംഭിച്ചെങ്കിലും ജലജീവൻ കുടിവെള്ള പദ്ധതിക്ക് വൈപ്പിടൽ തുടങ്ങിയതോടെ നിലവിലെ പദ്ധതിയുടെ പൈപ്പ് നിരന്തരമായി തകർന്ന് വീണ്ടും കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം താളംതെറ്റുകയായിരുന്നു. ഇതോടെ കടുത്തവേനലിലെ ഏക ആശ്രയമായ പദ്ധതിയുടെ ഭാവിസംബന്ധിച്ച് നാട്ടുകാർ ആശങ്കയിലാണ്.
മലമുകളിലെ വെള്ളത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന പദ്ധതി കടുത്ത വേനലിൽ വെള്ളം കുറഞ്ഞ് പ്രതിസന്ധിയിലാവാറുണ്ടെങ്കിലും ഇതുവരെ നിലച്ചിട്ടില്ല. എന്നാൽ, ഈ വെള്ളം മറ്റു പല സ്വകാര്യതോട്ടങ്ങളിലേക്കും കെട്ടിടങ്ങളിലെക്കും തിരിച്ചുവിടുന്നത് പതിവായതോടെ പദ്ധതി പ്രതിസന്ധിയിലാണ്. 1000ത്തിലധികം കണക്ഷനുണ്ടായിരുന്ന കുടിവെള്ള പദ്ധതി 250നടുത്ത് കണക്ഷൻ മാത്രമായി നിലവിൽ ചുരുങ്ങിയിട്ടുണ്ട്. മലമുകളിലെ നീർച്ചോലകളിൽ നൂറുകണക്കിന് അനധികൃത പൈപ്പുകൾ വലിച്ചാണ് ജലം ഊറ്റുന്നത്. തുടക്കത്തിൽ വെള്ളമുണ്ട പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 2000ത്തോളം ഉപഭോക്താക്കളുള്ള ബൃഹദ് പദ്ധതിയായിരുന്നു ഇത്.
എന്നാൽ, പുളിഞ്ഞാൽ റോഡ് നിർമാണം തുടങ്ങിയ ശേഷമാണ് പദ്ധതി അവതാളത്തിലായത്. നിലവിലെ കുടിവെള്ള പദ്ധതി തകർത്ത് പുതിയ പദ്ധതി ഒരുക്കുന്ന തിരക്കിലാണ് അധികൃതരെന്ന് നാട്ടുകാർ പറയുന്നു. ബാണാസുരമലയിലെ പ്രകൃതിദത്ത നീർച്ചാൽ ഉപയോഗിച്ച് രണ്ട് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച പദ്ധതി കഴിഞ്ഞ വർഷം വരെ കടുത്ത വേനലിലടക്കം നന്നായി പ്രവർത്തിച്ചിരുന്നു. പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളടക്കം വെള്ളത്തിന് ആശ്രയിച്ചിരുന്ന പദ്ധതിയാണ് ഇപ്പോൾ ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്.