കുടിവെള്ളക്ഷാമത്തിന് താൽക്കാലിക ആശ്വാസം; ബാണാസുര ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടു തുടങ്ങി
text_fields1. ബാണാസുര ഡാമിൽനിന്ന് വെള്ളം തുറന്നുവിട്ടതോടെ മുള്ളങ്കണ്ടി ശുദ്ധജല പദ്ധതി സ്ഥിതി ചെയ്യുന്ന പുഴ ജലസമൃദ്ധമായ
നിലയിൽ 2. വെള്ളം വറ്റിയ വാരാമ്പറ്റ ഭാഗം
വെള്ളമുണ്ട: കുടിവെള്ളക്ഷാമത്തിന് താൽക്കാലിക ആശ്വാസമായി ബാണാസുര ഡാമിൽ നിന്നു വെള്ളം തുറന്നുവിട്ടു തുടങ്ങി. കനത്ത വേനലിൽ പുഴ നേരത്തെ വറ്റിയതിനെത്തുടർന്ന് പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. ശുദ്ധജലം എത്തിക്കുന്ന മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം നിലച്ചതാണ് കുടിവെള്ള ക്ഷാമം അനുഭവപ്പെടാൻ ഇടയാക്കിയത്.
നൂറുകണക്കിനു കുടുംബങ്ങൾ ദിവസങ്ങളായി ശുദ്ധജല ക്ഷാമം കാരണം ദുരിതത്തിലായിരുന്നു. മുള്ളങ്കണ്ടി പദ്ധതി സ്ഥിതി ചെയ്യുന്ന പുഴയിലേക്ക് ഡാമിൽനിന്ന് വെള്ളം ഒഴുക്കി വിടണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും കലക്ടറുടെ ഉത്തരവ് ലഭിക്കാത്തതിനാൽ ഡാം തുറക്കാനായിരുന്നില്ല. ജലക്ഷാമം കാരണം വലയുന്ന നാട്ടുകാരുടെ ദുരിതം ശ്രദ്ധയിൽപെട്ട കലക്ടർ ഇടപെട്ട് ശനിയാഴ്ച ജില്ല ദുരന്ത നിവാരണ സമിതിയോഗം ഡാമിന്റെ വാൽവ് തുറന്ന് വെള്ളം തുറന്നു വിടാൻ നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10 മുതലാണ് വെള്ളം ഒഴുക്കിത്തുടങ്ങിയത്.
ഡാമിന്റെ വാൽവ് തുറന്നതോടെ പുഴ നിറയുകയും പമ്പിങ് സാധാരണ നിലയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. മഴ ലഭിക്കുന്നതു വരെ വെള്ളം നൽകുമെന്ന് ഡാം അധികൃതർ അറിയിച്ചു. എന്നാൽ, മുള്ളങ്കണ്ടി ചെക്ക് ഡാം നിറയുന്ന രീതിയിൽ വെള്ളം നൽകാത്തതിനാൽ താഴ് ഭാഗങ്ങളിലുള്ളവർക്ക് വെള്ളം ലഭിക്കാത്ത അവസ്ഥയുണ്ട്. വാരാമ്പറ്റ പുഴയിൽ ഇതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. മറ്റു ഭാഗങ്ങളിലുള്ള കുടിവെള്ള പദ്ധതികളും ജലസേചനപദ്ധതികളും വെള്ളമില്ലാത്തതിനാൽ പ്രതിസന്ധിയിൽ തന്നെ തുടരുകയാണ്.