വൈത്തിരി താലൂക്ക് ഓഫിസ് ഇരുട്ടിൽനിന്ന് കരകയറും
text_fieldsവൈത്തിരി താലൂക്ക് ഓഫിസ്
വൈത്തിരി: വൈത്തിരി താലൂക്ക് ഓഫിസിലെ വൈദ്യുതി പ്രശ്നത്തിന് പരിഹാരമാകുന്നു. വയറിങ് അടക്കമുള്ള വൈദ്യുതി അറ്റകുറ്റപ്പണിക്ക് 11 ലക്ഷം രൂപ അനുവദിച്ചതായി എ.ഡി.എം ദേവകി അറിയിച്ചു. പ്രവൃത്തി ഉടൻ തുടങ്ങും. വൈദ്യുതി പോകുന്നതോടെ ഓഫിസിന്റെ പ്രവർത്തനം അവതാളത്തിലാകുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നടപടി.
ജില്ലയിലെ തിരക്ക് പിടിച്ച ഓഫിസാണിത്. ഇവിടത്തെ യു.പി.എസ് സംവിധാനവും ജനറേറ്ററും കേടായിട്ടു മാസങ്ങളായിരുന്നു. ഇൻവെർട്ടറും സ്ഥാപിച്ചിട്ടില്ല. വൈദ്യുതി വിതരണം തകരാറിലാകുന്നതോടെ ഓഫിസ് പൂർണമായും ഇരുട്ടിലാവുകയാണ്. ഇതോടൊപ്പം ഓൺലൈൻ പ്രവൃത്തികൾ നിലക്കുകയും ചെയ്യും. കെ.എസ്.ഇ.ബിയുടെ വൈത്തിരി സെക്ഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി നിലക്കുന്നത് പതിവാണ്.
ഹൈടെൻഷൻ അറ്റകുറ്റപ്പണികളെന്ന പേരിൽ ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളാണ് രാവിലെ മുതൽ വൈകീട്ട് വരെ വൈദ്യുതി ഇല്ലാതാകുന്നത്. മുണ്ടക്കൈ, ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം നടക്കുന്നത് ഈ ഓഫിസിലാണ്. 269 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കമുള്ള പ്രവൃത്തികളാണ് വൈദ്യുതി പോകുന്നതോടെ നിലക്കുന്നത്. ജീവനക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘മാധ്യമം’ വാർത്തയിൽ വിശദമാക്കിയിരുന്നു. ഇതോടെയാണ് അധികൃതർ ഉണർന്നത്. ഫണ്ട് അനുവദിച്ചുവെന്ന് എ.ഡി.എം അറിയിച്ചതോടെ പൂർണമായ പരിഹാരനടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.


