വ്യാജ ആധാരം നിർമിച്ച് സ്ഥലം കൈവശപ്പെടുത്തിയതായി പരാതി
text_fieldsവൈത്തിരി: കുന്നത്തിടവക വില്ലേജിൽനിന്ന് വ്യാജമായി പ്രമാണം നിർമിച്ച് സ്ഥലം മറ്റൊരു വ്യക്തിക്കുവേണ്ടി രജിസ്റ്റർ ചെയ്തുകൊടുത്തതായി കലക്ടർക്ക് പരാതി. നികുതിയടക്കാതെ കിടന്ന ലക്കിടി അറമലയിലെ സ്ഥലം വ്യാജ പട്ടയവും ആധാരവുമുണ്ടാക്കി കെ.എസ്.എഫ്.ഇയിൽനിന്ന് ലക്ഷങ്ങൾ വായ്പയെടുത്ത കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് മറ്റൊരു കേസുകൂടി കുന്നത്തിടവക വില്ലേജ് ഓഫിസിൽനിന്ന് പുറത്തുവരുന്നത്.
ഇതുസംബന്ധിച്ച് ജില്ല കലക്ടർക്ക് ലഭിച്ച പരാതി എ.ഡി.എമ്മിന് കൈമാറി. സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടി കലക്ടറുടെ നിർദേശപ്രകാരം നിയോഗിച്ചിട്ടുണ്ട്. കുന്നത്തിടവക വില്ലേജിൽ പൂക്കോട് വെറ്ററിനറി സർവകലാശാല പ്രവേശന കവാടത്തിന് എതിർവശത്തുള്ള സ്ഥലമാണ് രേഖകളിൽ തിരിമറി നടത്തി മറ്റൊരു വ്യക്തിയുടെ പേരിലാക്കാൻ അന്നത്തെ വില്ലേജ് ഓഫിസർ, മറ്റൊരു വില്ലേജ് ഓഫിസറായ അദ്ദേഹത്തിന്റെ ഭാര്യ, റീസർവേ നടത്തിയ ഉദ്യോഗസ്ഥർ, വൈത്തിരി താലൂക്ക് ഓഫിസ്, കുന്നത്തിടവക വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ ചില ഉദ്യോഗസ്ഥർ എന്നിവർ കൂട്ടുനിന്നു എന്ന പരാതി ഉയർന്നത്. ഇവർ വൈത്തിരി തഹസിൽദാർ, കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരെ കബളിപ്പിക്കുകയും ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്താണ് റീസർവേ നമ്പർ 140/1ലെ 70 സെന്റ് ഭൂമിയുടെ തട്ടിപ്പു നടത്തിയതെന്നാണ് പരാതി.
സ്ഥലത്തിന്റെ യഥാർഥ ഉടമസ്ഥയായ പത്മിനി എരഞ്ഞിലാടത്തിൽ കുന്നത്തിടവക വില്ലേജ് ഓഫിസിൽ 2017-18ലെ നികുതിയടക്കാൻ ചെന്നപ്പോഴാണ് തർക്ക ഭൂമിയാണെന്നാരോപിച്ചു നിരാകരിച്ചത്. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയപ്പോഴാണ് കേസിനാസ്പദമായ വിവരങ്ങൾ പുറത്തുവരുന്നത്. പത്മിനിയുടെ ഭൂമി ബലമായി കൈയേറുകയും പ്രത്യേക വിഭാഗത്തിന്റെ പേരിലാക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ലക്കിടി സ്വദേശിയായ സ്ത്രീ തന്റെ പേരിൽ ഭൂമിയുണ്ടെന്ന് അവകാശപ്പെടുകയും നികുതി സ്വീകരിക്കണമെന്ന ആവശ്യവുമായി കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തു. തുടർന്ന് അന്നത്തെ വൈത്തിരി തഹസിൽദാരുടെ പരിശോധനയിൽ ഇവർക്ക് ഒരു രേഖയും ഹാജരാക്കാനായില്ല. എന്നാൽ, ഇതിൽ കക്ഷിയല്ലാത്ത ലക്കിടിയിൽ താമസക്കാരനായ മറ്റൊരു വ്യക്തി ഒരു ഏക്കർ 10 സെന്റ് സ്ഥലം പ്രത്യേക വിഭാഗത്തിന്റെ പേരിൽ വാങ്ങിയിട്ടുണ്ടെന്ന് കാണിച്ച് ഫയൽ ഹാജരാക്കി. തുടർന്ന് അവരിൽനിന്ന് നികുതി സ്വീകരിക്കാൻ അന്നത്തെ വൈത്തിരി തഹസിൽദാർ ഉത്തരവിടുകയായിരുന്നു. സ്ഥലത്തിന്റെ യഥാർഥ ഉടമ അറിയാതെയാണ് നികുതി സ്വീകരിച്ചത്. എന്നാൽ, എൽ.ആർ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ നടന്ന വിചാരണയിൽ സ്ഥലത്തിന് പത്മിനി എരഞ്ഞിലാടത്തിൽ നികുതി അടക്കുന്നതാണെന്ന് കണ്ടെത്തുകയും പ്രസ്തുത വിവരം വൈത്തിരി തഹസിൽദാറെ രേഖാമൂലം അറിയിക്കുകയും പത്മിനിയുടെ ഭാഗം കൂടി കേൾക്കണമെന്ന് നിർദേശിക്കുകയും ചെയ്തു. എന്നാൽ, അന്നത്തെ വൈത്തിരി തഹസിൽദാർ ഈ ഉത്തരവ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം.
കൈവശപ്പെടുത്തിയത് ഒരേക്കർ സ്ഥലം
കുന്നത്തിടവക വില്ലേജിലെ ബ്ലോക്ക് നമ്പർ 25ൽ 140/1ൽ 70 സെന്റും 140/ ൽ 2, 4 എന്നിവയിൽ 30 സെന്റുമാണ് വ്യാജരേഖകൾ സമർപ്പിച്ചു കൈവശപ്പെടുത്തിയത്. വിവരാവകാശ രേഖകൾ പ്രകാരം ഭൂമി യഥാർഥ അവകാശികളുടെ പേരിൽ തന്നെയാണ്.
നമ്പർ 937/84 എന്ന ആധാരം 140/1ൽപെട്ടതാണെന്ന് സ്ഥാപിക്കാൻ വൈത്തിരി രജിസ്ട്രാർ ഒപ്പിട്ട വ്യാജ കുടിക്കടമാണ് സമർപ്പിച്ചതെന്ന് പറയുന്നു. ഇതിൽ റീസർവേ നമ്പർ 140/1 എന്ന് തെറ്റായി കാണിക്കുകയും ചെയ്തിട്ടുണ്ട്. കുടിക്കട സർട്ടിഫിക്കറ്റിനായി ഗീവർഗീസ് ചാരുവിള എന്ന വ്യക്തിയുടെ പേരിലാണ് 2016 മാർച്ച് 28ന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ, ഈ വ്യക്തി 2012ൽ മരിച്ചയാളാണ്. ഇയാളുടെ പേരിലാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഈ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങൾ സംസ്കരിക്കാനും തുടങ്ങിയിരുന്നു. 1973ൽ 140/2 സ്ഥലത്തിന്റെ അടിയാധാരക്കാരനായ വിവേൽ റൊസാരിയോ വീടിനായി ഇവിടെ കെട്ടിടം പണിതു. എന്നാൽ, ഈ വസ്തു കൈവശപ്പെടുത്തിയവർ കെട്ടിടം പ്രാർഥന ഹാളാക്കുകയായിരുന്നു. അനധികൃതമായി ശ്മശാനം സ്ഥാപിച്ചതിനെതിരെ പത്മിനി കലക്ടർക്ക് പരാതി നൽകിയിരുന്നു.
ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. സ്ഥലവുമായി ബന്ധപ്പെട്ടുള്ള രേഖകളുടെ 111 പേജുകൾക്ക് പണമടച്ചുവെങ്കിലും പ്രധാനപ്പെട്ട വിവരങ്ങൾ ഒഴിവാക്കി 76 പേജുകൾ മാത്രമാണ് കൊടുത്തതത്രെ. ലഭിക്കാതെ പോയ ഫയലുകളിലാണ് മുൻ കുന്നത്തിടവക വില്ലേജ് ഓഫിസർ പ്രത്യേക വിഭാഗത്തിന് വ്യാജമായി നിർമിച്ച സ്കെച്ച് ഉൾപ്പെടുന്നത്. വില്ലേജ് ഓഫിസർ എ3 സെക്ഷൻ ജൂനിയർ സൂപ്രണ്ടിന് നൽകിയ റിപ്പോർട്ട്, സർവേയർമാരുടെ റിപ്പോർട്ട് എന്നിവയും ലഭിച്ചില്ല. നിയമലംഘനം നടത്തിയത് പുറത്തറിയാതിരിക്കാൻ അന്നത്തെ വില്ലേജ് ഓഫിസർ പരിശീലനത്തിനു പോയ സമയത്ത് തരിയോട് വില്ലേജ് ഓഫിസറായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് ചുമതല കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ചുണ്ടേൽ, പൊഴുതന, അച്ചൂരാനം വില്ലേജ് ഓഫിസർമാർക്കാണ് സാധാരണ കുന്നത്തിടവകയുടെ ചുതമല കൊടുക്കാറുള്ളതത്രെ.