സുരക്ഷയൊരുക്കാതെ വൈത്തിരിയിലെ കിണർ നിർമാണം; പണിക്കിടെ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
text_fieldsഅപകടം നടന്ന കിണർ
വൈത്തിരി: വൈത്തിരി കരിമ്പൻകണ്ടിയിലെ സ്വകാര്യ റിസോർട്ടിന് വേണ്ടി നിർമിക്കുന്ന കിണർ ജോലിക്കിടെ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് സുരക്ഷാമുൻകരുതൽ ഇല്ലാത്തതു കാരണമെന്നു ആക്ഷേപം. ജാർഖണ്ഡ് സ്വദേശിയായ അഹദുർ റഹ്മാനാണ് (35) തലയിൽ പാറക്കല്ല് പതിച്ചു കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചത്.
കരിമ്പൻകണ്ടിയിലെ ക്രിസ്ത്യൻ പള്ളിയുടെ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടം ലീസിനെടുത്തു തുടങ്ങുന്ന റിസോർട്ടിന് വേണ്ടി നിർമിക്കുന്ന കിണറിലാണ് അപകടമുണ്ടായത്. വലിയ വ്യാപ്തിയുള്ള കിണറിനടിയിൽ ഹെൽമറ്റ് പോലും ധരിക്കാതെയാണ് നാലുതൊഴിലാളികൾ ജോലിയിലേർപ്പെട്ടിരുന്നത്. സേഫ്റ്റി ഷൂ പോലും ഇവർ ധരിച്ചിരുന്നില്ല. കിണറിനടിയിലെ പാറക്കല്ല് പൊട്ടിച്ചു ക്രെയിൻ ഉപയോഗിച്ച് റബർകുട്ടയിൽ ഉയർത്തുന്നതിനിടെ ക്രെയിനിന്റെ ഹുക്കഴിഞ്ഞു പാറക്കല്ല് കിണറിനടിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കല്ല് പതിച്ചു അഹദുർ റഹ്മാന്റെ തലപൊട്ടി തലച്ചോറ് പുറത്തുചാടി. മറ്റു തൊഴിലാളികൾക്ക് പരിക്കില്ല. ഇവരുടെ കരച്ചിൽ കേട്ടെത്തിയ അടുത്തുള്ള താമസക്കാരും മറ്റും ഇയാളെ പുറത്തിച്ചു വൈത്തിരി താലൂക്ക് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കിണറിന്റെ അടിയിൽ മുഴുവനും രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. പാറകൾ പൊട്ടിച്ചതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. തോട്ട ഉപയോഗിച്ച് പറ പൊട്ടിച്ചതായി സംശയമുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. മുട്ടിൽ സ്വദേശികളായ കരാറുകാരാണ് റിസോർട്ടിന്റെയും കിണറിന്റെയും പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. അപകടത്തിൽ വൈത്തിരി പൊലീസ് കേസെടുത്തു.


