വളവിൽ ബസ് കുടുങ്ങി; ചുരത്തിൽ നരകയാത്ര തന്നെ
text_fieldsവെള്ളിയാഴ്ച പുലർച്ചെ ടൂറിസ്റ്റ് ബസ് ചുരം ആറാം വളവിൽ കുടുങ്ങിയപ്പോൾ
വൈത്തിരി: വയനാട് ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി ഗതാഗതം തടസ്സപ്പെടുന്നത് പതിവാകുന്നു. വെള്ളിയാഴ്ച രണ്ട് സംഭവങ്ങളിലായി മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങിയത്.
ആറാം വളവിൽ മൾട്ടി ആക്സിൽ ബസ് കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടത് ആറു മണിക്കൂറാണ്. അതുകഴിഞ്ഞു ഏഴാം വളവിനു സമീപം ഗ്യാസ് ലോറി കേടായത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ഏറെ കഷ്ടപ്പെട്ടു.
ബംഗളൂരു-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന സിറ്റി ടൂർസ് ബസാണ് സാങ്കേതിക തകരാറുമൂലം വെള്ളിയാഴ്ച പുലർച്ചെ നാലുമണിക്ക് വളവിൽ നിലച്ചുപോയത്.
ഗതാഗത തടസ്സം കണക്കിലെടുത്തു കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിൽനിന്ന് വയനാട്ടിലേക്കുള്ള സർവിസ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
കുട്ടികളുടെ സ്കൂളടപ്പിന് ശേഷം നാട്ടിലേക്ക് പുറപ്പെട്ട പലർക്കും സമയത്തിനെത്താൻ കോഴിക്കോട് നിന്നും ട്രെയിൻ കിട്ടിയില്ല. രാവിലെ ജോലിക്കെത്താൻ ജില്ലയിലേക്കെത്തേണ്ടവരും വഴിയിൽ കുടുങ്ങി. ബസ് വളവിൽനിന്ന് പതിനൊന്നു മണിയോടെ നീക്കിയെങ്കിലും ഏഴാം വളവിനു സമീപം ഗ്യാസ് ലോറി കേടാവുകയും അതിനടുത്തു തന്നെ മറ്റൊരു ബസ് നിയന്ത്രണംവിട്ടു മതിലിടിച്ചതും ഗതാഗത കുരുക്ക് രൂക്ഷമാക്കി.
തടസ്സത്തിൽനിന്ന് രക്ഷപ്പെട്ടു ചുരം കയറിയവർ തളിപ്പുഴയിലുണ്ടായ അപകടത്തിൽ വീണ്ടും ഒരു മണിക്കൂറിലധികം നീണ്ട ഗതാഗതകുരുക്കിലകപ്പെട്ടു.