ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺക്ലേവ്; എക്സ്ബിഷൻ പരാജയം; സ്റ്റാളുകൾ പൂട്ടി കച്ചവടക്കാർ മടങ്ങി
text_fieldsകാലിയായ സ്റ്റാളുകൾ
വൈത്തിരി: ഏറെ കൊട്ടിഗ്ഘോഷിച്ചു പൂക്കോട് വെറ്ററിനറി സർവകലാശാല ഗ്രൗണ്ടിൽ ആരംഭിച്ച 10 ദിവസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ ലൈവ് സ്റ്റോക്ക് കോൺക്ലേവ് എക്സിബിഷൻ പരാജയം.
പാതി ദിവസം കഴിഞ്ഞപ്പോഴേക്കും മിക്കവാറും സ്റ്റാളുകൾ കാലിയായി. 'മൃഗസമ്പത്തിന്റെ മഹാ സംഗമം' എന്ന പേരിൽ തുടങ്ങിയ മൃഗ-കാർഷിക പ്രദർശനത്തിന് സന്ദർശകർ കുറഞ്ഞതുമൂലം നഷ്ടമായെന്ന പരാതി ഉന്നയിച്ചാണ് പ്രദർശകരിൽ നല്ലൊരു പങ്കും സ്ഥലം വിട്ടത്. യൂനിവേഴ്സിറ്റിക്കും നടത്തിപ്പുകാർക്കും കച്ചവടക്കാർക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഇതു കാരണം ഉണ്ടായത്. മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണിയാണ് നിരവധി സ്റ്റാളുകൾ ഒരുക്കി യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നിർമിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ഹാളിൽ പോലും ജനങ്ങളുടെ എണ്ണം ശുഷ്കമായിരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നുമടക്കം നിരവധി പേർ എക്സിബിഷൻ തുടങ്ങുന്ന ദിവസം തന്നെ പ്രതിഷേധവുമായി രംഗത്തുവരികയും സംഘർഷത്തിന്റെ വക്കിലെത്തുകയും ചെയ്തിരുന്നു.
ആവശ്യത്തിനുള്ള സംവിധാനങ്ങളും വൈദ്യുതിയും ഒരുക്കിയില്ലെന്നു പറഞ്ഞു ആദ്യദിവസം തന്നെ തിരിച്ചു പോയവരുമുണ്ട്. ആദ്യദിവസം സംഘാടകർക്കും വളന്റിയർക്കമാർക്കും പ്രദർശകർക്കുമായി കൊണ്ടുവന്ന ഭക്ഷണം മുക്കാൽ ഭാഗവും ബാക്കിയായി. നൂറുകണക്കിന് ബിരിയാണിപ്പൊതികളാണ് തിരിച്ചുകൊണ്ടുപോയത്. എക്സിബിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പെരുപ്പിച്ചു കാട്ടുകയും പ്രദർശനക്കാരിൽനിന്നും സ്റ്റാളിന് അമിത വില ഈടാക്കുകയും ചെയ്തതായി കച്ചവടക്കാർ പറയുന്നു. എക്സിബിഷനിൽ ചുരുങ്ങിയത് അഞ്ഞൂറ് സ്റ്റാളുകൾ ഉണ്ടാകുമെന്നും അഞ്ചു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നുമായിരുന്നു സംഘാടകരുടെ വാഗ്ദാനം.
എന്നാൽ, അയ്യായിരം പേര് പോലും അഞ്ചു ദിവസം കൊണ്ട് എക്സിബിഷന് എത്തിയില്ല. 40ൽ താഴെ സ്റ്റാളുകൾ മാത്രമാണ് തുറന്നത്. അവധിയായിട്ടുപോലും ക്രിസ്മസ് ദിവസം അഞ്ഞൂറിൽ താഴെ ആളുകളാണ് എക്സിബിഷൻ കാണാനെത്തിയത്. അപ്പോഴേക്കും സ്റ്റാളുകളുടെ എണ്ണം 12 എണ്ണമായി. ക്രിസ്മസിന്റെ പിറ്റേന്ന് അത് ഏഴായി ചുരുങ്ങി. യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ പോലും പന്തലിലെത്തുന്നില്ലെന്നു സ്റ്റാൾ ഉടമകൾ പറഞ്ഞു. എൻ ഊരിൽ എത്തുന്ന സന്ദർശകരെ കൂടി എക്സിബിഷന് പ്രതീക്ഷിച്ചുവെങ്കിലും യൂനിവേഴ്സിറ്റി കുന്നിന്മുകളിലേക്ക് ആരും എത്തിയില്ല. അവധിക്കാലമായിട്ടും യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള പല വിദ്യാർഥികൾക്കും ക്ലാസുകൾ ഉണ്ടായിരുന്നു.
സർവകലാശാല അധികൃതരുടെയും നടത്തിപ്പുകാരുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളാണ് എക്സ്ബിഷൻ പരാജയപ്പെടാൻ കാരണമെന്നാണ് ആരോപണം. ഇത്രയും വലിയൊരു സംരംഭം തുടങ്ങുന്നതിനു മുമ്പ് ആവശ്യമായ പ്രചാരണം ഉണ്ടായില്ല. ആളുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് പന്തൽ ഒരുക്കിയത്. വയനാട് ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാരികൾ, ടൂറിസവുമായി ബന്ധപ്പെട്ടവർ, ജില്ലയിലെ ക്ഷീര-കർഷക ഉൽപാദകർ ഇവരെയൊന്നും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. എക്സിബിഷൻ സ്റ്റാളുകൾക്ക് അമിത ചാർജ് ഈടാക്കിയതായും കച്ചവടക്കാർ പറയുന്നു.
50000 മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് സ്റ്റാളുകൾക്ക് വാടക നിശ്ചയിച്ചത്. പ്രദർശനം വഴിയിൽ ഉപേക്ഷിച്ചു തിരിച്ചു പോകുന്ന പലരും നടത്തിപ്പുകാരുമായി പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പലർക്കും പണം തിരിച്ചു നൽകാമെന്നേറ്റിട്ടുണ്ട്. ഒന്നരക്കോടിയോളം രൂപ തങ്ങൾക്ക് നഷ്ടമാണെന്നാണ് നടത്തിപ്പുകാർ പറയുന്നത്. ഡിസംബർ 19 മുതൽ 29 വരെയാണ് കോൺക്ലേവ് നടക്കുന്നത്.