പൂക്കോട് സർവകലാശാലയിൽ ഇന്റർവ്യൂ നാടകം
text_fieldsവൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അസി. പ്രഫസർ തസ്തികയിലേക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ ഇന്റർവ്യൂ രജിസ്ട്രാറുടെ മകനെ തിരുകിക്കയറ്റാനെന്ന് ആക്ഷേപം. ഇന്റർവ്യൂവിനു ആവശ്യമായ മാർക്കില്ലാത്ത മകനുവേണ്ടി കട്ട്ഓഫ് മാർക്ക് 45 ശതമാനത്തിൽനിന്നും 43 ശതമാനമാക്കി വരെ കുറച്ചു.
അപേക്ഷകൾ സ്വീകരിച്ച ശേഷം പേർസന്റയിൽ എന്ന സിസ്റ്റത്തിലാണ് കട്ട് ഓഫ് നിശ്ചയിക്കപ്പെടേണ്ടത്. അപേക്ഷകൾ സ്വീകരിക്കുന്നതിന് മുമ്പുതന്നെ സർവകലാശാല കട്ട് ഓഫ് നിശ്ചയിച്ചു. ഒരു പരീക്ഷയിലും ഒരു തിരഞ്ഞെടുപ്പിലും ഇത്തരത്തിൽ കട്ട് ഓഫ് നിശ്ചയിച്ചിട്ടില്ല.
അപേക്ഷകരുടെ നിലവാരം നോക്കിയാണ് കട്ട് ഓഫ് നിശ്ചയിക്കാറുള്ളത്. ഇന്റർവ്യൂവിനുള്ള നോട്ടിഫിക്കേഷൻ ഇറങ്ങിയപ്പഴേ കട്ട്ഓഫ് നിശ്ചയിച്ചത് ദുരൂഹമാണ്. മക്കളോ ബന്ധുക്കളോ അഭിമുഖത്തിനെത്തുകയാണെങ്കിൽ ബോർഡിൽനിന്നും മാറിനിൽക്കണമെന്ന വ്യവസ്ഥയും ഉന്നത ഉദ്യോഗസ്ഥൻ ലംഘിച്ചു.
വൈസ് ചാൻസലർ ഇതിന് ഒത്താശ ചെയ്തുകൊടുത്തതായി ജീവനക്കാർക്കിടയിൽ തന്നെ സംസാരമുണ്ട്. പകരം അടുത്ത വർഷം ഫുഡ് ആൻഡ് ടെക്‌നോളജി വകുപ്പിലേക്ക് നടക്കുന്ന നിയമനത്തിന് വൈസ് ചാൻസലറുടെ മകൾക്ക് അവസരം കൊടുക്കാനും സമ്മതിച്ചിട്ടുണ്ടത്രെ.
ഈ വകുപ്പിൽ അസി. പ്രഫസറുടെ ഒഴിവുണ്ടെങ്കിലും അത് നോട്ടിഫൈ ചെയ്യാതെ ഒരു വർഷത്തേക്ക് അഭിമുഖത്തിന് വിളിക്കാത്തത് ഇതിനു വേണ്ടിയാണ്. ഇക്കഴിഞ്ഞ ദിവസം വിവിധ വകുപ്പുകളിലായി 94 തസ്തികകകളിലേക്കു ഇന്റർവ്യൂ നടന്നിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ഉദ്യോഗാർഥികളാണ് ഇന്റർവ്യൂവിനു എത്തിയത്. സർവകലാശാല സ്റ്റാറ്റ്യൂട്ടിൽ ഇല്ലാത്ത തസ്തികകളിൽ നിയമനം നടത്താനും ശ്രമമുണ്ടായതായി ആക്ഷേപമുയർന്നിട്ടുണ്ട്.


