കൊറിയൻ വിസ തട്ടിപ്പ്: വൈത്തിരി സ്വദേശിനിയടക്കം രണ്ടുപേർ റിമാൻഡിൽ
text_fieldsവൈത്തിരി: കൊറിയയിലേക്ക് വിസ വാഗ്ദാനം നൽകി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ വൈത്തിരി സ്വദേശിനി ഫാത്തിമത്തുൽ സുഹൈല ബീഗം, മലപ്പുറം സ്വദേശി ഷാജഹാൻ എന്നിവരെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അഴിക്കോട് സ്വദേശി കുരിശിങ്കൽ ആന്റണി ലിൻസ് എന്നയാളുടെ പരാതിയിലാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വെസ്റ്റിൻഡീസിനടുത്തുള്ള കെയ്മാൻ ദ്വീപിൽ ഹൗസ് കീപ്പറായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു വിശ്വസിപ്പിച്ചു പ്രതികൾ 3.10 ലക്ഷം രൂപ ലിന്സിൽനിന്ന് കൈപ്പറ്റി.
ഇയാളുടെ സുഹൃത്ത് രാജേഷ് എന്നയാളിൽനിന്നും കൊറിയയിലേക്ക് ജോലി വാഗ്ദാനം ചെയ്തു നാലര ലക്ഷം രൂപയും കൈപ്പറ്റി. എന്നാൽ, വാഗ്ദാനം നൽകിയ വിസ നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്. ഇരുവരെയും രണ്ടാഴ്ചത്തേക്ക് കോടതി തൃശൂർ ജയിലിൽ റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ നെയ്യാറ്റിൻകരയിലും എറണാകുളത്തും സമാന കേസുകളുണ്ട്.