ലക്കിടിയിലെ വനഭൂമി അനധികൃതമായി പതിച്ചുനൽകാൻ നീക്കം
text_fieldsവൈത്തിരി: ലക്കിടി അറമലയിൽ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി പതിച്ചു നൽകാനുള്ള നീക്കത്തിൽ ദുരൂഹത. വൈത്തിരി പഞ്ചായത്തിൽ എട്ടാം വാർഡിൽ കുന്നത്തിടവക വില്ലേജിൽ അറമല റീസർവേ നമ്പർ 141/1ൽ പെട്ട ഭൂമിയാണ് 14 പേർക്ക് പട്ടയം നൽകാനുള്ള ശ്രമം നടത്തുന്നത്. റവന്യൂ ഭൂമി എന്ന നിലയിലാണ് ജില്ലക്ക് പുറത്തുള്ള അപേക്ഷകർക്കായി പതിച്ചുനൽകാൻ തീരുമാനമായത്. എന്നാൽ, അനർഹരായവർക്കാണ് പട്ടയം ലഭിക്കുന്നത് എന്നതിനപ്പുറം നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലം നിക്ഷിപ്ത വനഭൂമിയാണെന്നാണ് പ്രധാന ആരോപണം.
വനഭൂമിക്ക് പട്ടയം ലഭിക്കില്ലെന്നിരിക്കെ റവന്യൂ ഭൂമിയായി കാണിച്ചാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയിൽ പട്ടയം നൽകി പതിച്ചുനൽകാൻ നീക്കം നടത്തുന്നത്. പട്ടയ അപേക്ഷകളിൽ ഭൂ പതിവ് പട്ടിക കലക്ടർ അംഗീകരിക്കുകയും കലക്ടറേറ്റിൽ നിന്നും താലൂക്കിലേക്കു അയക്കുകയും ചെയ്തിട്ടുണ്ട്. ആദിവാസികളെ കുടിയിരുത്തുന്നതിനായാണ് വനംവകുപ്പ് റവന്യൂ വകുപ്പിന് 21.50 ഹെക്ടർ കൈമാറിയത്.
എന്നാൽ, ഉദ്ദേശിച്ച രീതിയിൽ കൈമാറ്റം നടന്നില്ല. ഭൂരഹിതരായ പട്ടികജാതിക്കാർക്ക് മാത്രമേ ഭൂമി പതിച്ചുനൽകാവൂ എന്ന് നിഷ്കർഷിച്ചിട്ടുള്ളതിനാൽ ഒരു ആദിവാസി കുടുംബം മാത്രമാണ് ഈ ഭൂമിയിൽ താമസമാക്കിയത്. ഇതോടെ സ്ഥലം നാഥനില്ലാ കളരിയായി മാറി. 26 ഹെക്ടർ രേഖയിലുണ്ടെങ്കിലും അളവിൽ 21.50 ഹെക്ടർ മാത്രമാണുള്ളത്.
ബാക്കി ഭൂമി നേരത്തെ തന്നെ പലരും കൈയേറി സ്വന്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ എവിടെയുമെത്തിയതുമില്ല. 1970നു മുമ്പേ കൈവശമുണ്ടായിരുന്നു എന്ന വ്യാജരേഖ ചമച്ചു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി കൈവശപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്. ഇതിനു പട്ടയം ലഭിക്കാനായി ചില രാഷ്ട്രീയ നേതാക്കളുടെ സഹായവുമുണ്ട്.
ഭൂമി കൈയേറ്റം സംബന്ധിച്ച് പൊലീസിന്റെ സഹകരണത്തോടെ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറിക്കപ്പെടുകയായിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയപ്പോൾ പ്രദേശത്ത് സംഘർഷമുണ്ടാകുകയും ചെയ്തു. പട്ടയത്തിനായി കാത്തിരിക്കുന്നവർ ഭൂരിഭാഗവും ജില്ലക്ക് പുറത്തുനിന്നുള്ളവരാണ്.
പട്ടയഭൂമി നൽകുന്നതിന് നേതൃത്വം നൽകിയ താലൂക്ക് ഓഫിസിലെ ഉദ്യോഗസ്ഥർക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന ആരോപണവും പുറത്തുവരുന്നുണ്ട്. ഭൂമി സംബന്ധിച്ച് പാലക്കാട് ഈസ്റ്റേൺ സർക്കിൾ അസി. ഫോറസ്റ്റ് കൺസർവേറ്റർ 2023ൽ രേഖാമൂലം ജില്ല കലക്ടറോട് റിപ്പോർട്ട് ചോദിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല.
വനംവകുപ്പിന്റെ മുഴുവൻ ഭൂമിയും തിരിച്ചുപിടിക്കാൻ കോഴിക്കോട് വനംവകുപ്പ് വിജിലൻസിന് കൽപറ്റ റേഞ്ച് ഓഫിസർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കൂടാതെ, സ്ഥലത്തിന്റെ അതിരു നിശ്ചയിക്കുന്ന മാർക്ക് നശിപ്പിച്ചതും സർവേ കല്ലുകൾ മാറ്റി സ്ഥാപിക്കപ്പെട്ടതും സംബന്ധിച്ച് പരാതികളും റിപ്പോർട്ടും കലക്ടർക്ക് ലഭിച്ചിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതിനിടെ ചിലർ വനം മന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് വിഷയം റവന്യു മന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാജ പട്ടയം നിർമിച്ച് ഭൂമി തട്ടിയ കേസിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
വൈത്തിരി: വ്യാജ പട്ടയം നിർമിച്ച് ഭൂമി തട്ടിയ കേസിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. ലക്കിടി അറമലയിൽ മറ്റൊരാളുടെ സ്ഥലം വ്യാജ രേഖകൾ സമർപ്പിച്ചു സ്വന്തം പേരിലാക്കുകയും വ്യാജമായി പട്ടയവും ആധാരവും നിർമിക്കുകയും അവ ഉപയോഗിച്ച് 14.20 ലക്ഷം രൂപ കെ.എസ്.എഫ്.ഇയിൽനിന്ന് ലോണെടുക്കുകയും ചെയ്ത കേസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചതായി എ.ഡി.എം കെ. ദേവകി മാധ്യമത്തോട് പറഞ്ഞു.
റിപ്പോർട്ട് പൂർണമായും പഠിച്ചശേഷം നടപടികളിലേക്ക് നീങ്ങുമെന്നും അവർ പറഞ്ഞു. അറമല സ്വദേശി കുന്നത്തിടവക വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജ പട്ടയം നിർമിച്ചത്.
ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് എ.ഡി.എം രണ്ടു റവന്യൂ ഉദ്യോഗസ്ഥരെ അന്വേഷണത്തിനായി നിയോഗിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. പട്ടയമുണ്ടാക്കി ലോണെടുത്ത വ്യക്തിക്ക് കെ.എസ്.എഫ്.ഇ റവന്യൂ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ട്.