ചുരത്തിലെ കുരുക്കിൽ "കുരുങ്ങി' പൊലീസ്
text_fieldsഞായറാഴ്ച രാത്രി ചുരത്തിൽ അനുഭവപ്പെട്ട വാഹനക്കുരുക്ക്
വൈത്തിരി: വയനാട് ചുരത്തിൽ വാഹനക്കുരുക്കില്ലാത്ത ദിവസങ്ങളില്ല. വാരാന്ത്യങ്ങളിൽ അപകടങ്ങളും വാഹനങ്ങൾ കേടുവരലുമൊക്കെയായി മണിക്കൂറുകളാണ് യാത്രക്കാർ ചുരത്തിൽ കുടുങ്ങുന്നത്. കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും മണിക്കൂറുകളാണ് സഞ്ചാരികളടക്കമുള്ള യാത്രക്കാർ ചുരത്തിൽ കുരുങ്ങിയത്. ദീർഘദൂര ബസുകളും ടൂറിസ്റ്റ് ബസുകളും ആംബുലൻസുകളും അടക്കം നൂറു കണക്കിന് വാഹനങ്ങളാണ് കുരുക്കിൽ കുടുങ്ങുന്നത്.
ശനിയാഴ്ച രാത്രി ചരക്കു ലോറികൾ കേടുവന്നതുമൂലമാണ് കുരുക്കനുഭവപ്പെട്ടത്. ഞായറാഴ്ച വാരാന്ത്യ അവധി കഴിഞ്ഞു പോകുന്നവരും മറ്റു യാത്രക്കാരും കുരുക്കിൽപെട്ടു പൊറുതിമുട്ടി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലുമാകാതെ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ദിനേന ഇത്തരത്തിൽ കഷ്ടതയനുഭവിക്കുന്നത്. ചുരത്തിൽ കുരുക്കുണ്ടാകുമ്പോൾ ഗതാഗതം നിയന്ത്രിക്കാനും മറ്റും ഒരു പൊലീസുകാരനെപ്പോലും ചില നേരം കാണില്ല. ഇതിനെല്ലാം ചുരം സംരക്ഷണ സമിതിയുടെയും ചുരം ഗ്രീൻ ബ്രിഗേഡിന്റെയും സന്നദ്ധ പ്രവർത്തകരാണ് ഓടിയെത്തുന്നത്.
താമരശ്ശേരി പൊലീസിന് കീഴിൽ അടിവാരത്തു പൊലീസ് എയ്ഡ് പോസ്റ്റുണ്ട്. ചുരമടക്കം ലക്കിടി മുതൽ ഈങ്ങാപ്പുഴ വരെയുള്ള പ്രദേശങ്ങളാണ് ഈ പോസ്റ്റിലെ പൊലീസുകാർക്കുള്ള പ്രവൃത്തി മേഖല. ഒരു എസ്.ഐ അടക്കം 11 പോലീസുകാരെയും ഒരു പൊലീസ് ജീപ്പുമാണ് അടിവാരത്തേക്കു നിയോഗിച്ചിട്ടുള്ളത്. എന്നാൽ, മാസങ്ങളായി നാലുപേർ മാത്രമാണ് ഡ്യുട്ടിയിലുള്ളത്. പലരെയും മറ്റു പലയിടങ്ങളിലേക്കായി മാറ്റി നിയമിച്ചതുമൂലമുള്ള പൊലീസുകാർ വലിയ കഷ്ടപ്പാടിലാണ് ജോലിചെയ്യുന്നത്. പൊലീസുകാരെ ഡിവൈ.എസ്.പി സ്‌ക്വാഡിലേക്കും ഡിവൈ.എസ്.പി ഓഫിസിലേക്കും മറ്റുമായാണ് നിയമിച്ചത്. ഇപ്പോൾ ഓരോ പൊലീസുകാരനും 12 മണിക്കൂറിലധികം ജോലി ചെയ്യേണ്ട അവസ്ഥയാണ്.
പലർക്കും ഓഫ് ലീവ് പോലും എടുക്കാനാകാത്ത അവസ്ഥയാണ്. ഞായറാഴ്ച ചുരത്തിൽ കനത്ത ബ്ലോക്കനുഭവപ്പെട്ട സമയത്ത് ആകെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഒരു എസ്.ഐ മാത്രമാണ്. 15 കിലോമീറ്ററോളം വരുന്ന ചുരം റോഡും പിന്നെ ഈങ്ങാപ്പുഴ വരെ ഈ പൊലീസുദ്യോഗസ്ഥൻ ഒറ്റക്ക് കൈകാര്യം ചെയ്യണം. ലക്കിടി വരെയാണ് വൈത്തിരി പൊലീസിന്റെ പരിധിയെങ്കിലും പലപ്പോഴും ചുരത്തിലുണ്ടാകുന്ന അപകടങ്ങളിലും മറ്റും സഹായത്തിനെത്തുന്നത് വൈത്തിരി പൊലീസാണ്. പൊലീസുകാരുടെ എണ്ണക്കുറവുമൂലമുള്ള ബുദ്ധിമുട്ടുകൾ നിരവധി തവണ മേലുദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നാണ് പൊലീസുകാർ തന്നെ പറയുന്നത്.


