ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന പരാതി; പൊലീസുകാരന് സസ്പെൻഷൻ
text_fieldsവൈത്തിരി: മൂന്നു മാസം മുമ്പ് ദേശീയ പാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറോടിച്ച വ്യക്തിയെ മയക്കുമരുന്ന് കേസിൽപെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം തട്ടിയെന്ന കേസിൽ പൊലീസുകാരനെ സർവിസിൽനിന്നും സസ്പെൻഡ് ചെയ്തു.
വൈത്തിരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒയായിരുന്ന തൃക്കൈപ്പറ്റ സ്വദേശി കെ.വി സ്മിബിനെയാണ് സസ്പെൻഡ് ചെയ്തത്. ഇക്കഴിഞ്ഞ മാർച്ച് 28നാണ് ദീർഘദൂര സർവിസ് നടത്തുന്ന ബസും താമരശ്ശേരി സ്വദേശിയായ സജീദ് ഓടിച്ചിരുന്ന കാറും കൂട്ടിയിടിച്ചത്. അപകടത്തിൽ സജീദിനു പരിക്കേറ്റിരുന്നു. പരിശോധനയിൽ സജീദ്ൽനിന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഹുക്ക പോലുള്ള സാധനങ്ങളും ലഹരി സാധനങ്ങളും കണ്ടെത്തിയിരുന്നു.
കാറിൽനിന്നും മോർഫിൻ ഗുളികകളും കണ്ടെത്തിയിരുന്നു. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ വാഹനാപകടത്തിനുപുറമെ മയക്കുമരുന്നിൽകൂടി ഉൾപ്പെടുത്തി ഉള്ളിലാക്കുമെന്നു ഭീഷണിപ്പെടുത്തി സജീദിന്റെ പങ്കാളിയിൽനിന്നും ഒന്നര ലക്ഷം രൂപ മൂന്നു തവണകളായി സ്മിബിൻ വാങ്ങിയതായി ആക്ഷേപം ഉയർന്നിരുന്നു.
മാനന്തവാടി ഡി.വൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ ഇത് ബോധ്യപ്പെടുകയും ചെയ്തതോടെ സ്മിബിനെ സ്ഥലം മാറ്റിയിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനവും കൃത്യവിലോപവും പൊലീസ് സേനയുടെ അന്തസ്സിനു കളങ്കം വരുത്തുന്നതുമായ പ്രവൃത്തി സ്മിബിൻ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. കേസിന്റെ തുടരന്വേഷണം നടത്തുന്നതിന് തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.