പൂക്കോട് തടാകം ഇനി ഹരിത ടൂറിസം കേന്ദ്രം
text_fieldsവൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വിജേഷ് പൂക്കോട് തടാകം ഹരിത ടൂറിസം
കേന്ദ്രമായി പ്രഖ്യാപിക്കുന്നു
വൈത്തിരി: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി വയനാടിന്റെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. പൂക്കോട് തടാകക്കരയിൽ നടന്ന ചടങ്ങിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. വിജേഷാണ് പ്രഖ്യാപനം നടത്തിയത്. വൈസ് പ്രസി. ഉഷ ജോതിദാസ് അധ്യക്ഷതവഹിച്ചു.
ഇതോടെ വൈത്തിരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും ഹരിത ടൂറിസം കേന്ദ്രങ്ങളായി മാറി. ഹരിത കേരള മിഷൻ നൽകുന്ന ഹരിത ടൂറിസം കേന്ദ്രത്തിന്റെ സാക്ഷ്യപത്രം അസി. മാനേജർ രവിക്ക് നൽകി. വൈത്തിരി ഗ്രാമപഞ്ചായത്ത്, ഡി.ടി.പി.സി, ഹരിത കേരള മിഷൻ, തടാക സമീപവാസികൾ എന്നിവരുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് കേരളത്തിലെ തന്നെ പ്രധാനപ്പെട്ട പ്രകൃതിദത്ത തടാകം ഹരിത ടൂറിസം കേന്ദ്രമായി മാറിയത്.
ടൂറിസം കേന്ദ്രത്തിനകത്ത് ഹരിത പ്രോട്ടോകോൾ പാലിക്കുന്നതിനാവശ്യമായ ബിന്നുകൾ, മിനി എം.സി.എഫ്, ഐ.ഇ.സി ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടുണ്ട്. ക്ലീൻ ഡ്രൈവിൽ പ്രധാന പ്രവർത്തനങ്ങൾ നടത്തിയ ഡി.ടി.പി.സിയുടെ പൂക്കോട് തടാകത്തിലെ മുഴുവൻ ക്ലീൻ ഡെസ്റ്റിനേഷൻ വോളന്റിയർമാരെയും ആദരിച്ചു. വാർഡ് മെംബർമാരായ ജോഷി, മേരിക്കുട്ടി, ജിനിഷ, മൈക്കിൾ, ആർ.പി. ആതിര, ജിഷ, ആശാ വർക്കർ നസീമ, ഫ്ലോറി റാഫേൽ, ടെസി, ഷീബ, പുഷ്പ, കരോളിൻ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എസ്. സജീഷ് സ്വാഗതവും എച്ച്.ഐ. അശ്വിൻ നന്ദിയും പറഞ്ഞു.