സുഗന്ധഗിരി ആശുപത്രി പ്രവർത്തനം സ്റ്റോർ റൂമിൽ
text_fieldsസുഗന്ധഗിരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന സ്റ്റോർറൂം
വൈത്തിരി: സുഗന്ധഗിരിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം സ്റ്റോർറൂമിൽ. നേരത്തെ വൃന്ദാവൻ സ്കൂളിലായിരുന്നു ആശുപത്രി. ഇത് വിവാദമായതിനെ തുടർന്നാണ് ആശുപത്രി കെട്ടിടത്തിന്റെ സ്റ്റോർറൂമിലേക്ക് പ്രവർത്തനം മാറ്റിയത്. രോഗികൾക്കും ജീവനക്കാർക്കും ഒരുപോലെ ഇത് ദുരിതമായി. മുമ്പ് സ്വകാര്യ കെട്ടിടത്തിലായിരുന്നു ആരോഗ്യകേന്ദ്രം ഉണ്ടായിരുന്നത്.
തനിക്ക് താമസിക്കാൻ കെട്ടിടം ഒഴിഞ്ഞുതരണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെയാണ് ആശുപത്രി തൊട്ടടുത്ത വൃന്ദാവൻ ഗവ. എൽ.പി സ്കൂളിലേക്ക് താൽക്കാലികമായി മാറ്റിയത്. എന്നാൽ, രോഗികളും പിഞ്ചുകുട്ടികളും ഒരേ കെട്ടിടത്തിൽ ഇടപഴകുന്നതിനെതിരെ കെ.എസ്.ടി.യു അടക്കമുള്ള അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയതോടെയാണ് സ്കൂളിൽനിന്ന് ഒഴിഞ്ഞത്. ഇപ്പോൾ ആരോഗ്യകേന്ദ്രത്തിന്റെ മരുന്നും മറ്റും സൂക്ഷിക്കുന്ന സ്റ്റോർ മുറിയിലാണ് പ്രവർത്തിക്കുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കുള്ള ചളിക്കുളമായ റോഡ്
450 ചതുരശ്ര അടി വലുപ്പമുള്ള കൊച്ചുമുറിയാണിത്. ഡോക്ടറടക്കം എട്ടു ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇതിൽ ഏഴുപേരും വനിതകളാണ്. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ നരകതുല്യമായ അവസ്ഥയിലാണ് ജീവനക്കാർ കഴിച്ചുകൂട്ടുന്നത്. ഡോക്ടറുടെ മേശയും കസേരയും ഇട്ടാൽ പിന്നെ സ്ഥലമില്ല. രോഗിയെ പരിശോധിക്കുമ്പോൾ മറ്റു ജീവനക്കാർ പുറത്തുനിൽക്കണം. വൃത്തിഹീനമായ ശൗചാലയം ഉപയോഗപ്രദമല്ല.
ജീവനക്കാർക്ക് വസ്ത്രം മാറാനുള്ള സൗകര്യവുമില്ല. ക്ലിനിക്കിലേക്കുള്ള വഴിയാകെ ചളിനിറഞ്ഞു നടക്കാൻപോലും കഴിയാത്തവിധത്തിലാണ്. ഭക്ഷണം കഴിക്കാനുള്ള സൗകര്യംപോലും പരിമിതമാണ്. അതേസമയം, പ്രാഥമികാരോഗ്യകേന്ദ്രം മുമ്പ് പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടം ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. കെട്ടിടമുടമ ഒരു ദിവസം മാത്രമേ ഇവിടെ താമസിച്ചിട്ടുള്ളൂ.
രണ്ടാം ദിവസംതന്നെ അവർ സ്വന്തം വീട്ടിലേക്കു താമസം മാറിയിരുന്നു. നേരത്തേ പൊളിഞ്ഞുവീഴാറായി ചോർന്നൊലിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രാഥമികാരോഗ്യ കേന്ദ്രം സൗകര്യപ്രദമായ കെട്ടിടത്തിലേക്ക് മാറ്റിയത്. അധികൃതരുടെ നിരുത്തരവാദ നടപടികൾ മൂലമാണ് നിലവിൽ ജീവനക്കാരും രോഗികളും ഒരുപോലെ കഷ്ടപ്പെടുന്നത്.