കറന്‍റ് പോയാൽഇരുട്ടിൽതപ്പി താലൂക്ക് ഓഫിസ്
text_fieldsവൈത്തിരി താലൂക്ക് ഓഫിസ്
വൈത്തിരി: ജില്ലയിലെ തിരക്കുപിടിച്ച വൈത്തിരി താലൂക്ക് ഓഫിസിൽ കറന്‍റ് പോയാൽ ജീവനക്കാർ ഇരുട്ടിൽ പണിയെടുക്കണം. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പണിയാണെങ്കിൽ വെറുതെയിരിക്കണം. മാസങ്ങളായി ഒരു സർക്കാർ ഓഫിസിന്റെ അവസ്ഥയാണിത്. ഇവിടത്തെ യു.പി.എസ് സംവിധാനവും ജനറേറ്ററും കേടായിട്ടു മാസങ്ങളായി.
ഇൻവെർട്ടർ ഇവിടെ സ്ഥാപിച്ചിട്ടില്ല താനും. വൈദ്യുതി വിതരണം തകരാറിലാകുന്നതോടെ ഓഫിസ് പൂർണമായും ഇരുട്ടിലാവുകയാണ്. അതോടൊപ്പം ഓൺലൈൻ പ്രവൃത്തികളെല്ലാം നിലക്കുകയും ചെയ്യും. കറന്‍റ് വരുന്നതുവരെ വെറുതെയിരിക്കേണ്ട അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു.
കെ.എസ്.ഇ.ബിയുടെ വൈത്തിരി സെക്ഷന്റെ കീഴിലാണെങ്കിൽ കറന്‍റ് പോകുകയെന്നത് നിത്യ സംഭവമാണ്. ഹൈടെൻഷൻ അറ്റകുറ്റപണികളെന്ന പേരിൽ ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളാണ് രാവിലെ മുതൽ വൈകീട്ട് വരെ വൈദ്യുതി ഇല്ലാതാകുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട പണികളെല്ലാം നടക്കുന്നത് ഈ ഓഫിസിലാണ്. 269 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്നത്.
വൈദ്യുതി നിലക്കുന്നതോടെ എല്ലാം അവതാളത്തിലാകുകയാണ്. 60ഓളം വരുന്ന താലൂക്ക് ഓഫിസ് ജീവനക്കാർ ഇതോടെ ഒന്നും ചെയ്യാൻ കഴിയായാത്ത അവസ്ഥയിലാണ്.ഓഫിസിലെ സ്ഥിതി വിശേഷം ജീവനക്കാരുടെ സംഘടന ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ജില്ല കലക്ടർ 10 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിരുന്നു. വയറിങ് അടക്കം മാറ്റിപ്പണിയേണ്ടതിനാലാണ് തുക അനുവദിച്ചത്.
എന്നാൽ, വൈത്തിരി താലൂക്ക് മിനി സിവിൽ സ്റ്റേഷന്റെ പണി തുടങ്ങാൻ പോകുന്നതിനാൽ അടിയന്തരമായി ഫണ്ട് അനുവദിക്കേണ്ടതില്ലെന്ന ചില ഉദ്യോഗസ്ഥരുടെ നിലപാടിനെ തുടർന്ന് കലക്ടർ അനുവദിച്ച തുക പാസായില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇതിനെതിരെ ജീവനക്കാർ രംഗത്തു വന്നിട്ടുണ്ട്. അതേസമയം, താലൂക്ക് ഓഫിസിലെ അറ്റകുറ്റ പണികൾക്ക് 10 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വകുപ്പു മേധാവി അറിയിച്ചു.
ജനറേറ്റർ സ്ഥാപിക്കാൻ നടപടി വേണം -എൻ.ജി.ഒ അസോസിയേഷൻ
വൈത്തിരി: സ്വാതന്ത്ര്യത്തിനു മുമ്പേ സ്ഥാപിക്കപ്പെട്ട വൈത്തിരി താലൂക്ക് ഓഫിസിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ പഴയ കെട്ടിടത്തിലെ വയറിങ് സംവിധാനം കാലഹരണപ്പെട്ടതു കാരണം വൈദ്യുതി പ്രവാഹം നിരന്തരം തടസ്സപ്പെടുകയാണ്.
ശക്തമായ കാറ്റോ മഴയോ പെയ്താൽ ഓഫിസ് സമ്പൂർണ ഇരുട്ടിലാണ്. കമ്പ്യൂട്ടറുകളും ഓഫിസ് ഉപകരണങ്ങളും പ്രവർത്തിക്കാനാകാത്ത ദുരിത പൂർണമായ സാഹചര്യമാണ് നിലവിലുള്ളത്. വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് അടിയന്തരമായി ജനറേറ്റർ സ്ഥാപിച്ച് വയറിങ് സംവിധാനം പുതുക്കി പണിയണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് എം. നസീമ അധ്യക്ഷതവഹിച്ചു. സി.കെ. ജിതേഷ്, രജിസ് കെ. തോമസ്, ഷമീർ പി. ജെയിൻ, മീഖാ, ബിജേഷ് പോൾ എന്നിവർ സംസാരിച്ചു


