വൈത്തിരി പൊലീസിന്റെ സമയോചിത ഇടപെടൽ
text_fieldsവൈത്തിരി: വൈത്തിരി സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ടു വ്യത്യസ്ത കേസുകളിൽ കാണാതായ 13ഉം 20ഉം വയസ്സുള്ള രണ്ടു പെൺകുട്ടികളെ എസ്.ഐ പി.പി. അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസിന്റെ സമയോചിതമായ അന്വേഷണത്തിനൊടുവിൽ കോഴിക്കോട്, കൊടുവള്ളി എന്നിവിടങ്ങളിൽവെച്ച് കണ്ടെത്തി.
സുഗന്ധഗിരി സ്വദേശിയയായ 13 കാരി പെൺ സുഹൃത്തിനോടൊപ്പം വീടുവിട്ടത് ശനിയാഴ്ച പുലർച്ചെയാണ് സ്റ്റേഷനിൽ ലഭിച്ചത്. തുടർന്ന് മൊബൈൽ ലൊക്കേഷനും സി.സി.ടി.വി ദൃശ്യങ്ങളുംവെച്ച് പരിശോധിച്ച് നടത്തിയ തുടർച്ചയായ അന്വേഷണത്തിൽ കോഴിക്കോട് നഗരത്തിൽവെച്ച് കണ്ടെത്തുകയായിരുന്നു. മുള്ളമ്പാറ സ്വദേശിയായ 20 വയസുകാരി കമ്പ്യൂട്ടർ ക്ലാസിനെന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
കുട്ടി നേരെ കോഴിക്കോട്ടേക്കാണ് വണ്ടി കയറിയത്. സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ച് കുട്ടിയെ കൊടുവള്ളി ടൗണിൽ കണ്ടെത്തി. ഇരുവരെയും ശനിയാഴ്ച വൈകുന്നേരത്തോടെ വൈത്തിരിയിലെത്തിച്ചു. വനിത പ്രബേഷൻ എസ്.ഐ ജിബിഷ, വനിത എ.എസ്.ഐ രജി, സി.പി.ഒമാരായ ആഷിക്, രതിലാഷ്, വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.