കാട്ടാന വിളയാട്ടത്തിൽ വിറച്ച് ചുണ്ടേൽ
text_fieldsചുണ്ടേലിലെ അക്ബർ സിദ്ദീഖിന്റെ വീടിന് മുന്നിലെ ഗേറ്റ് കാട്ടാന തകർത്ത നിലയിൽ
വൈത്തിരി: ആഴ്ചകളായി തുടരുന്ന കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ചുണ്ടേൽ അങ്ങാടിയും പരിസരങ്ങളും. മിക്കവാറും എല്ലാ ദിവസവും ഈ പ്രദേശങ്ങളിലും ചേലോട്, വൈത്തിരി ഭാഗങ്ങളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ഒരുരാത്രി പോലും ഭീതിയില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. കാട്ടാനക്കൂട്ടത്തിന് മുന്നിൽനിന്ന് പലരും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞ രണ്ട് മാസമായി മുമ്പെങ്ങുമില്ലാത്ത വിധം കാട്ടാന ശല്യം ഈ മേഖലയിൽ രൂക്ഷമാണ്.
കാട്ടാനകൾ ചുണ്ടേൽ അങ്ങാടിക്കു സമീപം വരെ വരുന്നത് ജനങ്ങളിൽ ഭീതിയുളവാക്കുകയാണ്. ടൗണിൽ സ്റ്റേറ്റ് ബാങ്കിനു പിന്നിലെ ജനവാസ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചു തവണയാണ് കാട്ടാനകളെത്തിയത്. ദേശീയപാതയിൽനിന്ന് കഷ്ടിച്ച് 50 മീറ്റർ ദൂരം അകലെയാണിത്. കഴിഞ്ഞ ദിവസം രാത്രിയിലെത്തിയ കാട്ടാന പ്രദേശവാസിയായ അക്ബർ സിദ്ദീഖിന്റെ വീടിനു മുന്നിലെ ഗേറ്റ് തകർത്തു.
ഇത് മൂന്നാം തവണയാണ് സിദ്ദീഖിന്റെ വീടിനു നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കഴിഞ്ഞ ജൂലൈ 20ന് പ്രദേശത്തിറങ്ങിയ കാട്ടാന വീടിന്റെ മതിലും തകർത്തിരുന്നു. ദേശീയപാതയോരത്തെ ചേലോട് മേഖലയിലും കാട്ടാനകൾ വിഹരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം രാത്രിയിൽ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാട്ടാനക്ക് മുന്നിൽ പെട്ട കാർ പെട്ടെന്ന് നിർത്തിയതോടെ ഇതിനു പിന്നിൽ രണ്ടു കാറുകൾ ഇടിച്ചുള്ള അപകടം സംഭവിച്ചിരുന്നു. സമീപത്തെ എസ്റ്റേറ്റ് പാടിയിലെത്തിയ കാട്ടാനകൾ രണ്ടു വാഹനങ്ങൾ നശിപ്പിച്ചു.
കാട്ടാനകൾ വ്യാപക കൃഷിനാശവും വരുത്തിയിരുന്നു. വനംവകുപ്പ് സംഘത്തിന്റെ മണിക്കൂറുകൾനീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അന്ന് കാട്ടാനകളെ തിരികെ കാടുകയറ്റാനായത്.