അറമലയിൽ കാട്ടാനകളുടെ വിളയാട്ടം; ജനം ഭീതിയിൽ
text_fieldsഅറമല അബ്ദുറഹ്മാന്റെ വീട്ടുമുറ്റത്തെത്തിയ കാട്ടാന
വൈത്തിരി: ലക്കിടി അറമല പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. ദിവസങ്ങളായി വീടുകളുടെ മുറ്റത്തെത്തുന്ന ആനകൾ ഭീകരാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. രാത്രി ജനങ്ങൾ പുറത്തിറങ്ങാറില്ല. ഇതിനിടെ, കഴിഞ്ഞ ദിവസം മദ്റസയിലേക്ക് പോകുന്ന കുട്ടികളെ ആന ഓടിച്ചിരുന്നു.
മേപ്പാടി റേഞ്ചിന് കീഴിലാണ് അറമല പ്രദേശം. ആനകൾ സ്ഥിരമായി തമ്പടിക്കുന്ന സ്ഥലം കൂടിയാണിത്. കഴിഞ്ഞദിവസം അറമല അബ്ദുറഹ്മാന്റെ വീട്ടുമുറ്റത്ത് ഉൾപ്പെടെ ആനയെത്തി. ഈ ഭാഗങ്ങളിൽ നേരത്തേ വൈദ്യുതി വേലി ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ എല്ലാം നശിച്ച അവസ്ഥയിലാണ്.
ജില്ലയിൽ മേപ്പാടി റേഞ്ചിൽ മാത്രമാണ് വൈദ്യുതി വേലി പ്രവൃത്തി നടക്കാത്തത്. ആദ്യം ടെൻഡർ വിളിച്ചെങ്കിലും നടന്നില്ല. വീണ്ടും ക്ഷണിക്കുകയാണെന്നും തുടർന്ന് ലക്കിടി മുതൽ വടുവഞ്ചാൽ വരെയുള്ള ഭാഗങ്ങളിൽ പ്രവൃത്തി തുടങ്ങുമെന്നും ഡി.എഫ്.ഒ അറിയിച്ചു.
മേപ്പാടി റേഞ്ചിന് കീഴിലാണ് ഇത്തവണ ആനശല്യം രൂക്ഷമായിരിക്കുന്നത്. ഇതിന് പരിഹാരം കാണാത്തപക്ഷം ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ സമരം നടത്താനാണ് നാട്ടുകാരുടെ തീരുമാനം.