വയനാട് മക്കിമല പുഴയിൽ നീരൊഴുക്ക് ശക്തം; ജാഗ്രതാ നിർദേശം നൽകി അധികൃതർ
text_fieldsകൽപറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ, മക്കിമല പുഴയിൽ നീരൊഴുക്ക് ശക്തമായി. പ്രദേശത്തെ താഴ്‌ന്ന പ്രദേശങ്ങളിലെല്ലാം വെള്ളംകയറിയെന്നാണ് വിവരം. പുഴയിൽ ചെളി കലങ്ങിയ വെള്ളം കുത്തിയൊഴുകുകയാണ്. മണ്ണിടിച്ചിൽ ഉണ്ടായോയെന്ന് പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതിനാൽ വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനം നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തവിഞ്ഞാൽ, തിരുനെല്ലി, തൊണ്ടർനാട് തുടങ്ങിയ സ്ഥലങ്ങളിലും വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, മേപ്പാടി, വൈത്തിരി, മൂപ്പൈനാട് ഗ്രാമ പഞ്ചായത്തുകളിലെ റിസോർട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവർത്തനം താത്കാലികമായി നിരോധിച്ചു.
മുണ്ടക്കൈ - ചൂരൽമല ദുരന്ത പ്രദേശത്ത് നോ ഗോ സോൺ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചതായും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.