പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാതക്ക് തടസ്സം ആര്?
text_fieldsബദൽപാതയുടെ കോഴിക്കോട് ജില്ലയിലെ പൂഴിത്തോട് ഭാഗം. സംസ്ഥാനപാതയായി സർക്കാർ ഏറ്റെടുത്തതിന് ശേഷം
സ്ഥാപിച്ച മൈൽകുറ്റി
വെള്ളമുണ്ട: പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ സമരം 1000 ദിവസം പിന്നിടുമ്പോൾ പാത വരുന്നതിനുള്ള തടസ്സങ്ങൾ എന്താണെന്ന ചോദ്യമാണുയരുന്നത്.
പടിഞ്ഞാറത്തറ ടൗണിലെ സമരത്തിന് ജനപിന്തുണയേറുകയാണ്. ഭരണ-പ്രതിപക്ഷ സംഘടനകളടക്കം 58 സംഘടനകളുടെ പിന്തുണ സമരത്തിനുണ്ടെങ്കിലും 2023 ജനുവരി ഒന്നിന് തുടങ്ങിയ സമരത്തിന് പരിഹാരം കാണാൻ അധികൃതർ തയാറായില്ല. ജനകീയസമരം ഒരുവർഷം കഴിഞ്ഞാണ് ഇടത് സർക്കാറിന്റെ ശ്രദ്ധയിൽ പെടുന്നത്.
എല്ലാവരും പറയുന്നു, സമരസമിതി ശരിയെന്ന്
സമരം തുടങ്ങിയ വർഷം തന്നെ സമരസമിതി നേതാക്കൾ പഠനം നടത്തി ജില്ല വികസന സമിതി, പൊതുമരാമത്ത്, ഡി.എഫ്.ഒ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടറുടെ നേതൃത്വത്തിൽ പൂഴിത്തോട് പാത കടന്നുപോകുന്ന വഴിയിലൂടെ സഞ്ചരിച്ച് പഠനം നടത്താനും തീരുമാനിച്ചു.
തുടർപഠനത്തിൽ സമരസമിതി ചൂണ്ടിക്കാണിച്ച കാര്യങ്ങൾ ബോധ്യപ്പെട്ട വികസനസമിതിയും നിലവിലെ മന്ത്രി ഒ.ആർ കേളുവും ടി. സിദ്ദീഖ് എം.എൽ.എയും ഇടപെട്ടതിന്റെ അടിസ്ഥാനത്തിൽ 2024ൽ പാതയെക്കുറിച്ച് പഠിക്കാനായി സർക്കാർ തീരുമാനിച്ചു. ഇതിനായി ഒന്നരക്കോടി വകയിരുത്തുകയും ഊരാളുങ്കലിന് ടെൻഡർ നൽകുകയും ചെയ്തു.
എന്നാൽ, വയനാട് ജില്ലയിലെ സർവേ നടപടികൾ മാത്രമാണ് അന്ന് പൂർത്തിയായത്. എന്തുകൊണ്ട് കോഴിക്കോട് ജില്ലയുടെ ഭാഗത്തെ ഫയലുകൾ നീങ്ങാതിരുന്നതെന്നത് ദുരൂഹമാണ്. ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ നിലവിൽ കോഴിക്കോട് ജില്ലയുടെ സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് ഏത് വിധമാകുമെന്ന ആശങ്കയിലാണ്.
പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാത സമരസമിതി പടിഞ്ഞാറത്തറ ടൗണിൽ നടത്തുന്ന സമരം
വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന പാത
വയനാടിന്റെ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാവുന്ന ബദൽപാതയാണിത്. യു.ഡി.എഫ് ഭരണകാലത്ത് കെ. കരുണാകരൻ തറക്കല്ലിട്ട പാതയാണിത്. സെപ്റ്റംബർ 24ന് പാതക്ക് തറക്കല്ലിട്ട് 31വർഷം പൂർത്തിയാവും.
1994 സെപ്റ്റംബറിൽ കോഴിക്കോട് ജില്ലയിലെ പൂഴിത്തോടിലും വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലും നിർമാണമാരംഭിക്കുകയും ചെയ്തു. വയനാട്ടിൽ രണ്ട് റീച്ചും പൂഴിത്തോട്ടിൽ ഒരുറീച്ചുമാണ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ 3.210 കിലോമീറ്റർ വരെയുള്ള ഒന്നാം റീച്ച് 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലാണ് കരാർ നൽകിയിരുന്നത്.
നാട്ടുകാർ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിൽ 12 മീറ്റർ വീതിയിൽ പാത നിർമിക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കുകയും ചെയ്തു. 1977-78 കാലത്ത് എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പേരാമ്പ്ര മലയോരത്തെ ജനങ്ങൾ ബദൽ പാതയെന്ന ആശയവുമായി സമീപിച്ചത്. എന്നിട്ടും 1978ൽ തുടങ്ങിയ ചർച്ചയും പഠനവും എങ്ങുമെത്താതെ നീളുകയാണ്.
വിലങ്ങുതടിയായി വനംവകുപ്പ്, സ്ഥലം നൽകിയ ജനം കബളിക്കപ്പെട്ടു
ഇരുജില്ലകളിലെയും ജനകീയ സമരങ്ങളെ തുടർന്ന് 1994 ജനുവരി 13ന് 960 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയ റോഡ് പദ്ധതി മൂന്നു കൊല്ലം കൊണ്ട് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നിട്ടും1994ൽ വനംവകുപ്പ് തയാറാക്കിയ റിപ്പോർട്ട് വിലങ്ങുതടിയായി നിൽക്കുകയാണ്. ഇലപൊഴിയും കാടും നിത്യഹരിത വനമാണെന്ന വനം വകുപ്പിന്റെ റിപ്പോർട്ടാണ് തിരിച്ചടിയായത്.
കാപ്പിയും റബറും നിറഞ്ഞ ഭാഗത്തെയാണ് ഉദ്യോഗസ്ഥർ നിത്യഹരിത വനമാക്കിയതെന്ന് സമരസമിതി പറയുന്നു. റോഡിന് വേണ്ടി സ്ഥലം നൽകിയ 183 കുടുംബങ്ങൾ കബളിപ്പിക്കപ്പെടുകയും ചെയ്തു. കമൽ ജോസഫ് കോഓഡിനേറ്ററായും ശകുന്തള പ്രസിഡന്റായും വി.കെ. പ്രകാശ്കുമാർ സെക്രട്ടറിയുമായ സമരസമിതി നീണ്ട 1000 ദിവസത്തെ സമരങ്ങൾക്ക് ശേഷവും പ്രതീക്ഷയിലാണ്.
കേന്ദ്ര സർക്കാറിന്റെ പുതിയ അലൈൻമെന്റ് പ്രകാരം റോഡിനായി വനഭൂമി ഏറ്റെടുക്കാൻ കഴിയുമെങ്കിലും നടപടിയുണ്ടാകുന്നില്ല. നഷ്ടപ്പെടുന്ന 52 ഏക്കർ വനഭൂമിക്ക് പകരം 104 ഏക്കർ ഭൂമി വനംവകുപ്പിന് നൽകിയിട്ടുണ്ട്. ഇതിനായി നൽകിയ ഭൂമിയുടെ രേഖ നാട്ടുകാരുടെ കൈവശമുണ്ട്. എന്നാൽ ഭൂമി ഏറ്റെടുത്തിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. പകൽപോലെ തെളിഞ്ഞ രേഖകൾക്ക് മുന്നിൽ വനംവകുപ്പ് നടത്തുന്ന അവകാശവാദം കൗതുകകരമാണ്.
ജനങ്ങളെ മറക്കുന്ന രാഷ്ട്രീയക്കാർ
ബദൽ പാതക്കായുള്ള സമരത്തിന് മൂന്നുവർഷം പൂർത്തിയാകുമ്പോഴും ഒറ്റക്കെട്ടായി ശബ്ദമുയർത്താൻ രാഷ്ട്രീയപാർട്ടികൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഇപ്പോൾ കേരളമാകെ ചർച്ച ചെയ്യുന്ന ബദൽപാതയിൽ ഇടപെടൽ ഭരണ-പ്രതിപക്ഷഭാഗത്ത് നിന്നുണ്ടാവുന്നില്ല. ജനകീയസമരം ഏറ്റെടുക്കാൻ ഇരുമുന്നണികളും തയാറാവാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഉയരുന്നത്. പലരിൽ നിന്നും കടം വാങ്ങിയും ചെലവിനുള്ള പണം പിരിവെടുത്തുമാണ് സമരസമിതി മുന്നോട്ട് പോകുന്നത്.