കാട്ടാന, പന്നി, മയിൽ, മാൻ...പൊറുതിമുട്ടി മൂഴിമല നിവാസികൾ
text_fieldsമൂഴിമല വേങ്ങയ്ക്കൽ ജോണിയുടെ വീടിന്റെ മതിൽ കാട്ടാന തകർത്ത നിലയിൽ
പുൽപള്ളി: പുൽപള്ളി മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. മൂഴിമലയിൽ കോക്കണ്ടത്തിൽ ജോസിന്റെ കാർഷികവിളകൾ കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ച മൂന്നോടുകൂടിയാണ് സംഭവം. ജോസിന്റെ പറമ്പിനുചുറ്റും സ്ഥാപിച്ച കമ്പിവേലി ചവിട്ടി തകര്‍ത്താണ് കാട്ടാന കൃഷിയിടത്തിൽ പ്രവേശിച്ചത്. നിരവധി വാഴകള്‍, കാപ്പിച്ചെടികള്‍, കവുങ്ങുകള്‍ തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. വേങ്ങയ്ക്കൽ ജോണിയുടെ വീടിന്റെ ചുറ്റുമതിൽ തകർത്തു. പുത്തൻപറമ്പിൽ ജോസഫ്, വടക്കേൽ മാത്യു തുടങ്ങിയ കർഷകരുടെ കാർഷിക വിളകൾ നശിപ്പിച്ചു. വീടിനു സമീപത്തെ കൃഷിഭൂമിയിലൂടെ കയറിയിറങ്ങിയ കാട്ടാന പ്രദേശത്ത് വലിയ ഭീതിയാണ് പരത്തിയത്.
വന്യമൃഗ ശല്യം അതിരൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശമാണ് മൂഴിമല. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെതുടർന്ന് വനാതിർത്തിയിൽ തൂക്കുവേലി സ്ഥാപിച്ചിരുന്നു. എന്നാൽ, അടുത്തകാലത്തായി സ്ഥാപിച്ച തൂക്കുവേലിക്ക് മുകളിലേക്ക് മരങ്ങൾ മറിച്ചിട്ടാണ് പ്രദേശത്തേക്ക് കാട്ടാന കടന്നുവരുന്നത്. കാട്ടാനക്ക് പുറമേ മറ്റു മൃഗങ്ങളും ധാരാളമായി എത്തുന്ന പ്രദേശമായും നിലവിൽ മൂഴിമല മാറിയിട്ടുണ്ട്. മൂഴിമല, കാപ്പിക്കുന്ന് പ്രദേശങ്ങളിലേക്ക് വൈകീട്ടോടെ പുള്ളിമാനുകള്‍ കൂട്ടത്തോടെയെത്തുമെന്ന് പ്രദേശത്തെ കർഷകർ പറയുന്നു. ഇവിടെ കുരങ്ങ് ശല്യം രൂക്ഷമാണ്. ഇതിനൊപ്പം പന്നിയും മയിലും തുടങ്ങിയവയും എത്തും.
നെയ്ക്കുപ്പ വനത്തിന്റെ പരിധിയിൽ വരുന്ന വനത്തോടു ചേർന്ന് കിടക്കുന്ന ഭൂമിയായതിനാൽ വന്യമൃഗങ്ങൾക്ക് എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും. വന്യമൃഗ ശല്യം പരിഹരിക്കണമെന്ന പ്രദേശവാസികളുടെ നിരന്തരമായ ആവശ്യം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. തൂക്കുവേലി സ്ഥാപിച്ച കുറച്ചുകാലം കാട്ടാനയുടെ ശല്യം കുറവായിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും പഴയപോലത്തെ സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.
കാട്ടാനയുടെ ശല്യം മൂലം കൃഷിനാശം സംഭവിച്ച പ്രദേശങ്ങള്‍ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. കാട്ടാന വേലിയും കൃഷിയും നശിപ്പിച്ച വേലിയമ്പം, മൂഴിമല, കാപ്പിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തിയത്. പ്രസിഡന്റ് ബിന്ദു പ്രകാശ്, വൈസ് പ്രസിഡൻറ് ജോഷി ചാരുവേലിൽ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് പഞ്ചായത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബിന്ദു പ്രകാശ് പറഞ്ഞു.


