യൂറോപ്യൻ യൂനിയൻ നിബന്ധനകൾ കാപ്പിക്കർഷകരെ ബാധിക്കുമോ?
text_fieldsകൽപറ്റ: യുറോപ്യൻ യൂനിയന്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടി ആരംഭിച്ചു. വനനശീകരണം നടത്തിയല്ല തോട്ടങ്ങളിൽ കൃഷി ചെയ്തിട്ടുള്ളത് എന്ന സത്യവാങ്മൂലം നൽകിയിട്ടില്ലെങ്കിൽ 2026 ജനുവരി ഒന്നു മുതൽ യൂറോപ്യൻ യൂനിയൻ ഇന്ത്യയിൽ നിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചേക്കും. കർണാടകയിലെ കുടക്, കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളെയാണ് നിബന്ധനകൾ സാരമായി ബാധിക്കാൻ സാധ്യതയുള്ളത്. പരിഹാര നടപടിയുടെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാൻ കോഫി ബോർഡ് സൗകര്യമൊരുക്കി.
കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി എടവക, തൊണ്ടർനാട്, പടിഞാറത്തറ, വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക സൗജന്യ രജിസ്ട്രേഷൻ കാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.
ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് കോഫി ബോർഡിന്റെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ കാമ്പയിൻ നടത്തുക. ഇതിൽ വാഴവറ്റയിലും പനമരത്തും കർഷക സെമിനാറും നടത്തി. കാമ്പയിൻ അവസാനിച്ചാൽ കർഷകർ സ്വമേധയാ ഇന്ത്യാ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
ആധാറുമായി ബന്ധിപ്പിച്ച നമ്പറുള്ള മൊബൈൽ ഫോൺ, ആധാർ കാർഡ്, കൈവശ അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കർഷകരെത്തണം. ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്താൽ ഇനിമുതൽ കോഫി ബോർഡിന്റെ സബ്സിഡികളും പദ്ധതികളും ആനുകൂല്യങ്ങൾക്കും ഈ രജിസ്ട്രേഷൻ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. അതിനാൽ ഈ സൗകര്യം കർഷകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോഫി ബോർഡ് ജോയന്റ് ഡയക്ടർ ഡോ. എം. കറുത്തമണി അഭ്യർഥിച്ചു.