നായനാർ എം.പിയായി, ശാരദ ടീച്ചർ താജ്മഹൽ കണ്ടു
text_fieldsശാരദ ടീച്ചർ
കണ്ണൂർ: ‘എടോ, ഇപ്രാവശ്യം വെക്കേഷന് ഇഞ്ഞിയും കുട്യോളും ഡൽഹിക്ക് വാ, നമ്മക്ക് ആ സ്ഥലോക്കെയൊന്ന് കാണാം’ നായനാരുടെ ഈ ക്ഷണത്തിൽ ശാരദ ടീച്ചർക്കുണ്ടായ സന്തോഷം ചില്ലറയൊന്നുമല്ല. സുധിയും ഉഷയും കൃഷ്ണകുമാറും അടക്കം അന്ന് മൂന്നു കുട്ടികളാണുള്ളത്. നാലാമത്തെയാൾ വിനോദ് വയറ്റിലും. ഡൽഹിയിൽ ഇ.എം.എസിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസം. ഡൽഹി മുഴുവൻ ചുറ്റിക്കണ്ടു. താജ്മഹൽ കാണാൻ മാത്രമാണ് സഖാവ് കൂടെവന്നത്. പ്രിയ പത്നി മുംതാസിന്റെ സ്മരണക്കായി ഷാജഹാൻ പണികഴിപ്പിച്ച കഥകളൊക്കെ പറഞ്ഞു ചിരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് ചർച്ചകൾക്കിടയിൽ ഡൽഹിക്കഥകൾ ഓർത്തെടുക്കുകയാണ് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ഇ.കെ. നായനാരുടെ പത്നി ശാരദ ടീച്ചർ. 1967ൽ പാലക്കാടുനിന്ന് നായനാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു കുടുംബവുമൊത്തുള്ള ഡൽഹി യാത്ര. സഖാവ് പങ്കെടുത്ത പാർലമെന്റ് യോഗം സന്ദർശക ഗാലറിയിലിരുന്നാണ് ശാരദ ടീച്ചർ കണ്ടത്. അന്ന് ഇന്ദിര ഗാന്ധിയാണ് പ്രധാനമന്ത്രി.
നീയൊരു സഖാവിന്റെ ഭാര്യയാണെന്ന് ഓർമവേണമെന്നും ഒന്നിച്ചുള്ള യാത്രയും കറക്കവുമൊന്നും പ്രതീക്ഷിക്കരുതെന്നും പണ്ട് കല്യാണശേഷം സഖാവ് പറഞ്ഞത് മനസ്സിലുണ്ടായതിനാൽ ഒരിടത്തും കൂടെ വരണമെന്ന് ശാരദ ടീച്ചർ വാശിപിടിച്ചിരുന്നില്ല. മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോൾ മാത്രമാണ് തിരുവനന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങ് കാണാൻ പോയത്. മുഖ്യമന്ത്രിയായിരിക്കെ ഒരിക്കൽ ലണ്ടനിലും ദുബൈയിലും ഒപ്പം പോയിരുന്നു. തിരക്കുകൾക്ക് ഒഴിവില്ലാത്തതിനാൽ ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പം താമസിക്കാൻ നായനാർക്ക് പലപ്പോഴും സമയം കിട്ടിയിരുന്നില്ല. ഒന്നോ രണ്ടോ ദിവസത്തേക്ക് മാത്രമായിരുന്നു കല്യാശ്ശേരിയിലെത്തിയിരുന്നത്. 1980ൽ ആദ്യമായി മുഖ്യമന്ത്രിയായശേഷം ഔദ്യോഗിക വസതി ലഭിച്ചതോടെയാണ് ശാരദ ടീച്ചറും മക്കളും സഖാവിനൊപ്പം ഒന്നിച്ചുതാമസിക്കാൻ തുടങ്ങിയത്. പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിലായപ്പോൾ സഖാവ് മുഴുവൻ സമയവും അവിടെയായിരുന്നു. സ്വന്തം മണ്ഡലത്തിലെ പ്രചാരണത്തിന് പുറമെ മറ്റിടങ്ങളിലും പോകേണ്ടിവരും. കോൺഗ്രസിലെ സി.എസ്. ദേവനെതിരെ 67,389 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് നായനാർ ജയിച്ചത്.
തെരഞ്ഞെടുപ്പ് ആവേശക്കാലം...
കുട്ടിക്കാലത്ത് പ്രചാരണ ജാഥകളായിരുന്നു പ്രധാനം. ഓരോ പാർട്ടിയുടെയും ജാഥകൾ മുദ്രാവാക്യം വിളികളോടെ കടന്നുപോകുമ്പോൾ ഞങ്ങൾ കുട്ടികൾ വഴിവക്കിലെത്തി നോക്കും. അമ്മാവനും കമ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആർ. ഗോപാലൻ അടക്കമുള്ള നേതാക്കളായിരുന്നു മുൻനിരയിൽ. 21 വയസ്സ് പൂർത്തിയായാലേ അന്ന് വോട്ടുള്ളൂ.
നായനാർ വിടപറഞ്ഞിട്ട് 20 വർഷം പൂർത്തിയാകുമ്പോൾ കല്യാശ്ശേരിയിലെ വീട്ടിൽ വിശ്രമിക്കുന്ന ശാരദ ടീച്ചറുടെ ശ്രദ്ധ മുഴുവൻ തെരഞ്ഞെടുപ്പ് വാർത്തകളിലാണ്. സ്ഥാനാർഥികളായ എം.വി. ബാലകൃഷ്ണനും എം.വി. ജയരാജനും വീട്ടിൽവന്ന് കണ്ടിരുന്നു. എം.വി. ജയരാജനെ ഫോണിൽ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കും. കുറച്ചുദിവസമായി മകന്റെ കൂടെ എറണാകുളത്താണ് ശാരദ ടീച്ചറിപ്പോൾ. നടക്കാൻ വാക്കറിന്റെ സഹായം വേണം. അൽപസ്വൽപം ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പായാൽ പ്രത്യേക ഊർജമാണ്. കല്യാശ്ശേരി എൽ.പി സ്കൂളിലാണ് വോട്ട്. തെരഞ്ഞെടുപ്പ് ചൂടറിയാനും വോട്ടുചെയ്യാനുമായി കല്യാശ്ശേരിയിലെ ‘ശാരദാസി’ൽ സഖാവിന്റെ ഓർമകൾക്ക് കൂട്ടായി ശാരദ ടീച്ചർ വൈകാതെ തിരിച്ചെത്തും.