കോവിഡ് കാലത്തേക്കാൾ കുറഞ്ഞ പോളിങ്; പാലക്കാട് നഗരസഭ പോര് കനക്കും
text_fieldsപ്രതീകാത്മക ചിത്രം
പാലക്കാട്: പാലക്കാട് നഗരസഭയിൽ കോവിഡ് ഭീതിയിൽ തെരഞ്ഞെടുപ്പ് നടന്ന 2020ൽ 67.15 ശതമാനം പോൾ ചെയ്തിട്ടും ഇത്തവണ രണ്ടു ശതമാനത്തോളം കുറഞ്ഞത് മുന്നണികളെ ആശങ്കപ്പെടുത്തുന്നു. 2015ൽ 73.73 ശതമാനമായിരുന്നു പോളിങ്. രണ്ടു തവണയും ബി.ജെ.പിക്കായിരുന്നു മേൽക്കൈ എന്ന് ബി.ജെ.പി ആശ്വസിക്കുന്നുണ്ടെങ്കിലും എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളും വിജയപ്രതീക്ഷയിൽതന്നെയാണ്.
ശക്തമായ ത്രികോണമത്സരം നടക്കുന്ന വാർഡുകളിൽ പോളിങ് കുറവ് സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ഓരോ വോട്ടും നിർണായകമായേക്കാവുന്ന കടുത്ത മത്സരമാകും പ്രതീക്ഷിക്കുന്നതെന്നും നേരിയ വോട്ടുകളുടെ പിൻബലത്തിൽ ഭൂരിഭാഗം വാർഡുകളിലും വിജയം നിർണയിക്കപ്പെടാമെന്നുമാണ് വിലയിരുത്തൽ. ബലാബലം പ്രവചിക്കപ്പെട്ട 12 വാർഡുകളിലെങ്കിലും പോളിങ്ങിലെ കുറവ് നിർണായകമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിന് വിജയം നിശ്ചയിക്കപ്പെട്ടവയാണ് ഈ വാർഡുകൾ. പുനർനിർണയശേഷം ഇവ എങ്ങനെ മാറുമെന്നതിൽ സ്ഥാനാർഥികൾക്കും ആശങ്കയുണ്ട്.
ആകെ 1,18,759 വോട്ടർമാരിൽ 77,495 പേർ വോട്ടുരേഖപ്പെടുത്തി. ഇവരിൽ 67.49 ശതമാനം പുരുഷന്മാരും 63.25 ശതമാനം സ്ത്രീകളുമാണ്.
53 വാർഡുകളുള്ള നഗരസഭയിൽ കേവല ഭൂരിപക്ഷമായ 27 സീറ്റുകൾ കരസ്ഥമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി-കോൺഗ്രസ് മുന്നണികൾ.
അത്ര സീറ്റുകൾ നേടാനാവില്ലെങ്കിലും നഗരസഭയിൽ നിർണായക ശക്തിയാകുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. 35 ഇടത്ത് ജയപ്രതീക്ഷയാണ് ബി.ജെ.പിക്ക്. കേവല ഭൂരിപക്ഷത്തിലെത്തുമെന്ന് യു.ഡി.എഫും പ്രതീക്ഷിക്കുന്നു.


