ആഡംബര കാറും ചാർട്ടേഡ് വിമാനവും: വിവാദക്കൊടുങ്കാറ്റിൽ കുടുങ്ങി സർക്കാർ
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്രയിലും ആഡംബര കാർ യാത്രയിലും വി.ഡി. സതീശൻ സർക്കാറിനു മേൽ പുതിയ വിവാദം. പിന്നാലെ, മലപ്പുറത്തെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തിയ ചാർട്ടേഡ് വിമാന യാത്രയും വിവാദമായി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ്, കെ.എം. ഷാജി എന്നിവരുടെ വിദേശ യാത്രയിലാണ് വിവാദമുണ്ടായത്. ഔദ്യോഗിക കാറിന് പകരം കേരള സർക്കാർ ബോർഡ് വെച്ച് സുഹൃത്തിന്‍റെ ആഡംബര കാറിലുള്ള യാത്ര വിവാദമായതിന് പിന്നാലെയാണ് മന്ത്രി കെ.എം. ഷാജിയുടെ കുടുംബസമേതമുള്ള യൂറോപ്യൻ യാത്ര. വിവാദങ്ങളെ തുടർന്ന് മന്ത്രി ഷാജി സുഹൃത്തിന്‍റെ റേഞ്ച് റോവർ തിരികെ നൽകി ഔദ്യോഗിക വാഹനത്തിലേക്ക് തിരിച്ചുകയറിയെങ്കിലും വിവാദം പിന്നാലെയുണ്ട്. എന്തു സഹായം ചെയ്തതിനാണ് മന്ത്രി സുഹൃത്തിന്‍റെ ആഡംബര കാർ ഔദ്യോഗിക യാത്രക്കായി ഉപയോഗിക്കുന്നതെന്ന ചോദ്യമാണ് ഇടതുസൈബർ ഹാൻഡിലുകളടക്കം ഉയർത്തുന്നത്. ഇതിനുപിന്നാലെ മന്ത്രി ഷാജിയും കുടുംബവും വിദേശത്ത് പോയതും വിവാദം കൊഴുപ്പിക്കുന്നു.
ഹെലികോപ്റ്റർ യാത്ര വിവാദത്തിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ മലവെള്ളപ്പാച്ചിൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രത്യേക ചാർട്ടേഡ് വിമാനം ഉപയോഗിച്ചതാണ് പുതിയ വിവാദം. ബംഗളൂരുവിൽനിന്ന് വരുത്തിയ ചാർട്ടേഡ് വിമാനയാത്രയുടെ ചെലവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തത വരുത്തിയിട്ടുമില്ല. എൽ.ഡി.എഫ് സർക്കാർ കാലത്ത് വാടകക്കെടുത്ത ഹെലികോപ്റ്ററിന്‍റെ കരാർ പുതുക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര പ്രത്യേക വിമാനത്തിലാക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പിനുശേഷം വി.ഡി. സതീശൻ മംഗലാപുരത്തേക്ക് സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ പോയതുമായി ചേർത്താണ് മലപ്പുറം യാത്രയെയും പ്രതിപക്ഷം സംശയനിഴലിലാക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുടുംബസമേതം അമേരിക്കയിൽ പോയതും വിവാദമായിരുന്നു. എറണാകുളത്തെ സുഹൃത്തിന്‍റെ മകന്റെ കല്യാണത്തിനാണ് പോയതെന്നും സർക്കാർ ചെലവിലല്ല യാത്രയെന്നും മന്ത്രി വിശദീകരിച്ചു. സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചാണ് യാത്രയെന്ന് ആരോപിച്ചവർക്കെതിരെ പൊലീസ് കേസുമുണ്ടായി.
കായിക മന്ത്രി ഒ.ജെ. ജനീഷ് കുടുംബസമേതം ഒമാനിൽ പോയത് വിവാദമായപ്പോൾ സ്വന്തം ചെലവിൽനിന്നാണെന്ന് വിശദീകരണം വന്നു. പി.സി. വിഷ്ണുനാഥിന്‍റെ യു.എ.ഇ സന്ദർശനം ഒദ്യോഗികമെന്നാണ് സർക്കാർ വിശദീകരണം. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും വിദേശത്ത് പോയി മടങ്ങിയെത്തി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്കായി സ്പോൺസർമാർ ക്യൂ നിൽക്കുകയാണെന്നാണ് പ്രതിപക്ഷ വിമർശനം. പണം സർക്കാർ ഖജനാവിൽ നിന്നല്ലെങ്കിൽ ചെലവഴിക്കുന്ന പണത്തിന്‍റെ ഉറവിടം അറിയണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെടുന്നു.


