എം പരിവാഹൻ: സല്യൂട്ട് സൈബർ പൊലീസ്...
text_fieldsഓപറേഷൻ എം പരിവാഹനിലുണ്ടായിരുന്ന സൈബർ സ്ക്വാഡ്
കാക്കനാട്: സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിച്ചു വാഹനമോടിച്ചവർക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്സ്ആപ്പിൽ മെസേജ് അയക്കുന്നു... പിഴ അടക്കാൻ എം പരിവാഹൻ എന്ന പ്രതികളുടെ വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ അയച്ചു നൽകുന്നു... ഇത്തരത്തിൽ കൊച്ചി സ്വദേശിയായ യുവാവിന് വാട്സ്ആപ്പിൽ ലഭിച്ച നിയമലംഘന സന്ദേശത്തിന്റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു. പിന്നാലെ പ്രതികൾ യുവാവിന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യുകയും അതുവഴി പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് 85,000 രൂപ ഗിഫ്റ്റ് കാർഡുകൾ വാങ്ങാൻ ഉപയോഗിക്കുകയും ചെയ്തു.
പ്രതികളായ അതുൽകുമാർ, മനീഷ്
രാജ്യവ്യാപകമായി നടക്കുന്ന എം പരിവാഹൻ തട്ടിപ്പുകഥകളിൽ ഒന്നുമാത്രമാണിത്. ഈ കഥ ഇവിടെ തീരുന്നില്ല. സമാന തട്ടിപ്പുകൾ സംബന്ധിച്ച പരാതികളിൽ കേസെടുത്ത് കൊച്ചി സൈബർ പൊലീസ് അന്വേഷണം ആരംഭിക്കുന്നു. മാസങ്ങളായി രാജ്യത്തുടനീളം വിവിധ പൊലീസ് ഏജൻസികൾ വലവിരിച്ചെങ്കിലും പിടികിട്ടാത്ത തട്ടിപ്പുസംഘത്തെ അതിസാഹസികമായും വലിയ ആസൂത്രണത്തോടെയും നടത്തിയ അന്വേഷണത്തിനൊടുവിൽ സൈബർ പൊലീസ് പൊക്കുന്നു. പഴുതുകൾ അടച്ച അന്വേഷണത്തിൽ പ്രതികളെ പിടികൂടാൻ സാധിച്ചതിലൂടെ കേരള പൊലീസിന് വിജയത്തിന്റെ ഒരു പൊൻതൂവൽ കൂടി.
കൊച്ചിയിൽ മാത്രം നൂറോളം പരാതി...
സംസ്ഥാനത്ത് എം പരിവാഹൻ ആപ്പിന്റെ വ്യാജപതിപ്പിലൂടെ പണം നഷ്ടമായത് 575ഓളം പേർക്കാണ്. ഇതിൽ കൊച്ചി സിറ്റിയിൽ മാത്രം 96 പരാതിയാണ് രജിസ്റ്റർ ചെയ്തത്. നിയമലംഘന സന്ദേശത്തിനൊപ്പം ലഭിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തവരിൽ ടൂ ഫാക്ടർ ഓതെന്റിക്കേഷൻ എനേബിൾ ചെയ്യാത്ത ആളുകളുടെ വാട്സ്ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തെടുത്താണ് അടുത്ത ഇരകൾക്ക് മെസേജ് അയക്കുന്നതും ഇൻസ്റ്റൻറ് ഡെലിവറി ഉള്ള ഇ-കോമേഴ്സ് വെബ്സൈറ്റുകളിൽ ഉപയോഗിച്ചിരുന്നതും. ഇരകളായവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രതികൾ ക്രൈം തുടരുന്നതാണ് പൊലീസ് അന്വേഷണം ദുഷ്കരമാക്കിയിരുന്നത്.
എന്നാൽ, സൈബർ പൊലീസ് ഐ.പി വിലാസവും ഫോൺ നമ്പറുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവരുടെ ലൊക്കേഷൻ ട്രാക്ക് ചെയ്ത് ഉത്തർപ്രദേശിലെ വാരണാസിയിൽനിന്നും രണ്ടുപേരെ പിടികൂടുകയായിരുന്നു. അതുൽ കുമാർ സിങ് (32), മനീഷ് സിങ് (24) എന്നിവരെയാണ് കൊച്ചി ഇൻഫോപാർക്ക് സൈബർ ഇൻസ്പെക്ടർ ഷമീർഖാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. അരുൺ, പി. അജിത്ത് രാജ്, നിഖിൽ ജോർജ്, സിവിൽ പൊലീസ് ഓഫിസർമാരിയ ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ റിമാൻഡിലാണ്.
പ്രതികളുടെ കൈയിൽ 2700ഓളം പേരുടെ വിവരങ്ങൾ...
പരിവാഹന്റെ പേരിൽ തട്ടിപ്പു നടത്തുന്ന പ്രതികളിൽനിന്നും രണ്ടുമാസങ്ങളിലായി ശേഖരിച്ച 2700ഓളം വാഹനങ്ങളുടെ നമ്പറും ഉടമയുടെ ഫോൺ നമ്പർ വിവരങ്ങളും കണ്ടെത്തി. അതിൽ കേരളം, കർണാടക, ഗുജറാത്ത്, തമിഴ്നാട്, വെസ്റ്റ്ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വാഹനങ്ങളുടെ വിവരങ്ങളുണ്ട്. കൂടാതെ എം പരിവാഹൻ ആപ്ലിക്കേഷൻ വഴി പ്രതികൾ ശേഖരിച്ച വിവിധ വ്യക്തികളുടെ ഫോണിന്റെയും യു.പി.ഐ പിൻ നമ്പർ ഉൾപ്പെടെ വിവരങ്ങളും കൂടാതെ ഹണി ട്രാപ്, കെ.വൈ.സി അപ്ഡേഷൻ തുടങ്ങിയ തട്ടിപ്പുകൾ നടത്താനുള്ള വിവിധ ആപ്ലിക്കേഷനുകളും കണ്ടെടുത്തു. രാജ്യം ഒട്ടാകെ കോടികളുടെ തട്ടിപ്പ് പ്രതികൾ നടത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇങ്ങനെ ലഭിച്ച പണം പ്രതികൾ ആഡംബര ജീവിതം നയിക്കാൻ ഉപയോഗിക്കുകയും ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള സേവിങ്സാക്കി മാറ്റുകയുമായിരുന്നു.
ട്രാഫിക് സന്ദേശങ്ങൾ വാട്സ്ആപ്പിൽ വരില്ല...
വാട്സ്ആപ് മുഖേന ട്രാഫിക് നിയമലംഘനം സംബന്ധിച്ച സന്ദേശങ്ങൾ അധികൃതർ അയക്കാറില്ലെന്നത് പ്രത്യേകം ഓർക്കണം. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അത് സൈബർ തട്ടിപ്പാണെന്ന് ജനങ്ങൾ തിരിച്ചറിയണം, ഇങ്ങനെ കിട്ടുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ലിങ്കുകളിൽ ക്ലിക് ചെയ്യുകയോ പാടില്ല. ഇ-ചലാൻ ഔദ്യോഗിക വെബ്സൈറ്റിൽനിന്നു മാത്രം വിവരങ്ങൾ സ്വീകരിക്കുക. പിഴ അടക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാൽ അത് ഔദ്യോഗിക വെബ്സൈറ്റിൽനിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം. വ്യക്തിഗത വിവരങ്ങൾ ഒരിക്കലും വ്യാജ സന്ദേശത്തിനു മറുപടിയായി നൽകരുത്.
ഇത്തരത്തിൽ വരുന്ന സന്ദേശത്തിൽ നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെട്ടാൽ, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങൾ ഔദ്യോഗിക സന്ദേശങ്ങളിൽ ആവശ്യപ്പെടില്ല. ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഇ-ചലാൻ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക. സമൂഹമാധ്യമമുൾപ്പെടെയുള്ള എല്ലാ അക്കൗണ്ടുകൾക്കും ടു ഫാക്ടർ/ മൾട്ടി ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുന്നത് തട്ടിപ്പുകളെ തടയാൻ സഹായിക്കുന്നതാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ 1930 എന്ന നമ്പറിൽ ഒരുമണിക്കൂറിനകം പരാതി റജിസ്റ്റർ ചെയ്യണം. cybercrime.gov.in എന്ന സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. ഇ-ചലാൻ ഉപഭോക്തൃ സേവന വിഭാഗം ഫോൺ: 0120-4925505.
ബുദ്ധികേന്ദ്രം 16കാരൻ...
കൊച്ചി സൈബർ പൊലീസ് സംഘം വാരണാസിയിൽ എത്തി രണ്ടുപേരെ പിടികൂടി കൊച്ചിയിൽ എത്തിച്ചെങ്കിലും പരിവാഹൻ വ്യാജ ആപ്പിന്റെ സൂത്രധാരൻ മൂന്നാംപ്രതി 16 വയസ്സുകാരനാണ്. ഇയാളാണ് എ.പി.കെ ഫയല്‍ ഉണ്ടാക്കുകയും തട്ടിപ്പിന് കളമൊരുക്കുകയും ചെയ്തത്. ഇയാളോട് 10 ദിവസത്തിനകം കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളുമായി മാതാപിതാക്കള്‍ക്കൊപ്പം കാക്കനാട് സൈബര്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹാജരായില്ലെങ്കില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുന്നില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നീക്കം. കൊച്ചി നഗരത്തില്‍മാത്രം 96 പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രം ഇവര്‍ തട്ടിയെടുത്തത് 50 ലക്ഷം രൂപയോളമെന്നാണ് സൂചന.