‘‘ഇടതിന്റെ കാലം കഴിഞ്ഞിട്ടില്ല’’
text_fieldsമധുര (തമിഴ്നാട്): രാജ്യത്ത് ഇടതുപക്ഷവും, പ്രത്യേകിച്ച് സി.പി.എം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുള്ള നിയോഗം വലിയ വെല്ലുവിളിയാണെന്ന് സി.പി.എമ്മിന്റെ പുതിയ ജനറൽ സെക്രട്ടറി എം.എ. ബേബി. സംഘ്പരിവാർ പിടിമുറുക്കിയ ഇന്ത്യയിൽ ഇടതുപക്ഷ മതനിരപേക്ഷ ബദലിന് വർധിച്ച പ്രസക്തിയുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്താൻ കഠിനപ്രയത്നം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പാർട്ടി കോൺഗ്രസ് വേദിയിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
? സി.പി.എമ്മിന്റെ നായകനാകുമ്പോൾ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?
യഥാർഥത്തിൽ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എല്ലാംതന്നെ പാർട്ടിയുടെയും വെല്ലുവിളികളാണ്. അത് ഏറ്റെടുത്ത് സാധ്യമാകുന്ന പരിഹാരത്തിന് കഠിനമായി പരിശ്രമിക്കാനുള്ള നിയോഗമായാണ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തെ കാണുന്നത്.
? പാർട്ടിക്കുള്ളിൽ പുതിയ ജനറൽ സെക്രട്ടറി ഏറ്റെടുക്കുന്ന ആദ്യ ദൗത്യം എന്താണ്?
സംഘടനപരമായി ഒരു പുനരുജ്ജീവനം നടത്തേണ്ടതുണ്ട് എന്നാണ് പാർട്ടി കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. അതിനുള്ള കർമ പദ്ധതികൾക്ക് പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും വൈകാതെ യോഗം ചേർന്ന് രൂപംകൊടുക്കും. തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിൽ സി.പി.എമ്മിന്റെ ഇടപെടൽ ശേഷി വർധിപ്പിക്കാൻ കഴിയുമെന്നുതന്നെയാണ് പ്രതീക്ഷ.
രാജ്യത്താകെ സി.പി.എമ്മിന് 80,000ത്തിൽപരം ബ്രാഞ്ച് ഘടകങ്ങൾ ഉണ്ട്. അവയെല്ലാം വേണ്ടവിധം ഉണർന്ന് പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ വലിയ മാറ്റങ്ങൾ സംഘടന ശക്തിയിൽ ഉണ്ടാക്കാനും പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം വിജയകരമായി നടപ്പാക്കാനും കഴിയും. തെറ്റ് തിരുത്തൽ നടപടികൾ കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകേണ്ടതുമുണ്ട്.
? ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം ഇൻഡ്യ മുന്നണിയിൽ പ്രവർത്തിക്കാൻ കേരളത്തിലെ രാഷ്ട്രീയം തടസ്സമാകുമോ?
സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി ആയിരുന്ന കാലത്ത് സ്വീകരിച്ച നിലപാടിൽതന്നെ തുടരും. നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന ബി.ജെ.പിക്കും മോദി സർക്കാറിനും എതിരെ ഏറ്റവും വിശാലമായ രാഷ്ട്രീയ യോജിപ്പ് വളർത്തിയെടുക്കേണ്ടതുണ്ട്. ഓരോ സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ സാഹചര്യങ്ങളുടെ കൂടി അടിസ്ഥാനത്തിലാണത്. ഇൻഡ്യ ബ്ലോക്കിന്റെ ഭാഗമായ കോൺഗ്രസും ആപ്പും ഡൽഹിയിൽ പരസ്പരം മത്സരിച്ചു. ബംഗാളിൽ കോൺഗ്രസും മമതയും ഉൾപ്പെട്ട ത്രികോണ മത്സരമാണ് നടന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ നയിക്കുന്ന മുന്നണിയിൽ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചാണ്. സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ചുള്ള ഈ രീതി തുടർന്നുപോകാൻതന്നെയാണ് ഉദ്ദേശിക്കുന്നത്.
? അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ പാർട്ടിയെ നയിക്കുന്നതും മുഖ്യമന്ത്രി മുഖവും പിണറായി വിജയൻതന്നെയാണോ?
ഇപ്പോൾ പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയും ഉന്നത നേതാവുമാണ്. സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹംതന്നെ പാർട്ടിയെ രാഷ്ട്രീയമായും സംഘടനപരമായും നയിക്കും. അതിൽ എന്താണ് ഇത്ര സംശയം? വേറെ ആരെയെങ്കിലും നിർദേശിക്കാൻ ഉണ്ടോ? വീണ്ടും ഒരു തുടർഭരണം കിട്ടിയാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല. അങ്ങനെ ഒരു അവസരം വന്നാൽ ഏറ്റവും നല്ല തീരുമാനംതന്നെ കൈക്കൊള്ളും.
? സംഘ്പരിവാറിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയം തുറന്നുകാട്ടുകയെന്ന വെല്ലുവിളി എത്രത്തോളം ഭാരിച്ചതാണ്?
ഇപ്പോൾ ഈ പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്ന രാഷ്ട്രീയ ദൗത്യത്തിന് മൂന്ന് ഭാഗങ്ങളുണ്ട്. അതിൽ ഒന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും നവ ഫാഷിസ്റ്റ് പ്രവണതകൾ കാണിക്കുന്ന കേന്ദ്രസർക്കാറിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരായ പോരാട്ടമാണ്. സി.പി.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും സ്വതന്ത്ര ശക്തി രാജ്യത്താകമാനം വർധിപ്പിക്കണം എന്നതാണ് രണ്ടാമത്തേത്. മൂന്നാമത്തേത് പ്രാദേശികമായി ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹാരത്തിന് പോരാട്ടത്തിന് ഇറങ്ങണം. മൂന്ന് ദൗത്യങ്ങളിലും വെല്ലുവിളി ഏറ്റെടുക്കാനാണ് പാർട്ടി കോൺഗ്രസിന്റെ തീരുമാനം.
? ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഏകകണ്ഠം ആയിരുന്നോ?
ബംഗാൾ ഘടകം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം എന്റെ പേര് നിർദേശിച്ചു. ജനറൽ സെക്രട്ടറിയാകുമെന്ന് മാധ്യമങ്ങൾ അഭ്യൂഹങ്ങൾ പ്രചരിപ്പിച്ച മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ് ലെ പിന്താങ്ങി. പിണറായി വിജയൻ അടക്കമുള്ള ബാക്കിയുള്ളവരും പിന്താങ്ങി. വേറെ ഒരു പേരും വന്നില്ല. അതാണ് ഉണ്ടായത്. ഇത് പുറത്ത് പറയേണ്ടതില്ലാത്ത പാർട്ടി കാര്യമാണ്. തെറ്റിദ്ധാരണ വ്യാപിക്കാതിരിക്കാൻ വിശദീകരിച്ചുവെന്നു മാത്രം. ജനറൽ സെക്രട്ടറി ആവാൻ എന്നെക്കാൾ യോഗ്യതയുള്ളവർ പോളിറ്റ് ബ്യൂറോയിൽ ഉണ്ട്. എന്നിൽ വിശ്വാസമർപ്പിച്ച സഹപ്രവർത്തകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കാൻ പരമാവധി ശ്രമിക്കും. പാർട്ടിയുടെ ഏക മുഖ്യമന്ത്രി കേരളത്തിലാണ്. ജനറൽ സെക്രട്ടറികൂടി മലയാളിയാകുന്നതോടെ സി.പി.എം കേരളത്തിലേക്ക് ചുരുങ്ങുകയാണോയെന്ന ചോദ്യത്തിന് പക്ഷേ, പുതിയ ജനറൽ സെക്രട്ടറി മറുപടി പറഞ്ഞില്ല.