സി.പി.എമ്മിന്റെ അമരത്ത് ഇനി എം.എ ബേബി; ഇ.എം.എസിനു ശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളി എന്ന നേട്ടവും
text_fieldsമധുര: ഇ.എം.എസ്. നമ്പൂതിരിപ്പാടിനുശേഷം സി.പി.എമ്മിന്റെ മലയാളി ജനറൽ സെക്രട്ടറിയാണ് എം.എ. ബേബി. ഇ.എം.എസിന്റെ സ്നേഹവാത്സല്യം ഏറ്റവും കൂടുതൽ അനുഭവിച്ച കേരള നേതാവ്, ഇ.എം.എസ് അലങ്കരിച്ച പാർട്ടിയുടെ പരമോന്നത പദവിയിൽ പതിറ്റാണ്ടുകൾക്കപ്പുറം എത്തിയിരിക്കുന്നു.
കൊല്ലം എസ്.എൻ കോളജിൽ പഠിക്കവെ എസ്.എഫ്.ഐയിലൂടെയാണ് ബേബി പൊതുരംഗത്ത് കൂടുതൽ സജീവമായത്. കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബേബി, കോളജ് യൂനിയൻ ഉദ്ഘാടനത്തിന് ഇ.എം.എസിനെ കൊണ്ടുവരികയായിരുന്നു. അങ്ങനെ വെറുതെ കൊണ്ടുവരികയായിരുന്നില്ല, ഇ.എം.എസിനെ കാമ്പസിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന കെ.എസ്.യുവിന്റെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു ബേബിയുടെ അന്നത്തെ ഉശിരാർന്ന നീക്കം.
- അധ്യാപകനായ അലക്സാണ്ടറിന്റെയും ലില്ലിയുടെയും എട്ടുമക്കളിൽ ഇളയവനായി 1954 ഏപ്രിൽ അഞ്ചിന് കൊല്ലം പ്രാക്കുളത്താണ് മരിയം അലക്സാണ്ടർ ബേബി എന്ന എം.എ. ബേബിയുടെ ജനനം. പ്രാക്കുളം എൻ.എസ്.എസ് ഹൈസ്കൂളിലും കൊല്ലം എസ്.എൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം.
- ബിരുദ വിദ്യാർഥിയായിരിക്കെ 20ാം വയസ്സിൽ 1974ൽ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി
- 1975ൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്
- 1977ൽ സി.പി.എം കൊല്ലം ജില്ല കമ്മിറ്റിയിൽ
- 1979ൽ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായതോടെ പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റി
- 1983ല് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ ജോയന്റ് സെക്രട്ടറി
- 1984ൽ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ
- 1987ൽ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്
- 1989ൽ 13ാം പാർട്ടി കോൺഗ്രസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയിലും 1992ൽ കേന്ദ്ര സെക്രട്ടേറിയേറ്റിലും
- 1986 -92, 1992 -98 കാലയളവിൽ രണ്ടുതവണ രാജ്യസഭാംഗമായി പ്രവർത്തിച്ചു
- 2006 -2011 കാലയളവിൽ കുണ്ടറയിൽനിന്ന് നിയമസഭാംഗമായി വി.എസ് സർക്കാറിൽ വിദ്യാഭ്യാസ -സാംസ്കാരിക വകുപ്പ് മന്ത്രി
- 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിൽ പോളിറ്റ് ബ്യൂറോയിലേക്ക്
- ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായ ബേബി, ‘നോം ചോംസ്ക്കി: നൂറ്റാണ്ടിന്റെ മനഃസാക്ഷി’ അടക്കം പുസ്തകങ്ങളുടെ രചയിതാവുമാണ്. അടിയന്തരാവസ്ഥക്കാലത്ത് രണ്ടു മാസത്തോളം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.
- വെട്ടിനിരത്തൽകൊണ്ട് ചരിത്രത്തിൽ ഇടംനേടിയ 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനത്തിന്റെ ഭാഗമായതിന്റെ പേരിൽ കേന്ദ്ര സെക്രട്ടേറിയേറ്റിൽനിന്ന് ബേബി ഒഴിവാക്കപ്പെട്ടു.
- ബെറ്റി ലൂയിസാണ് ബേബിയുടെ ഭാര്യ. മകൻ: അശോക് നെൽസൺ.
കൈപിടിച്ചുയർത്തിയത് ഇ.എം.എസ്
മധുര: എം.എ. ബേബി ജനറൽ സെക്രട്ടറിയായതോടെ സി.പി.എമ്മിൽ കാണുന്നത് അപൂർവമായൊരു ഗുരുശിഷ്യ ബന്ധത്തിന്റെ തുടർച്ച. ഇ.എം.എസിന് പിന്നാലെയാണ് കേരളക്കാരനായ എം.എ. ബേബി പതിറ്റാണ്ടുകൾക്കപ്പുറം സി.പി.എമ്മിന്റെ അമരത്തെത്തുന്നത്. ഇടക്കാലത്ത് മലയാളിയായ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറിയായെങ്കിലും അദ്ദേഹം കേരളത്തിലെ സംഘടന സംവിധാനത്തിലൂടെയല്ല നേതൃനിരയിലെത്തിയത്. ബേബിയുടെ രാഷ്ട്രീയ ഗുരുവായിരുന്നു ഇ.എം.എസ്. അവസാനമിപ്പോൾ ഇ.എം.എസ് അലങ്കരിച്ച പാർട്ടിയിലെ പരമോന്നത പദവിയിൽ പിൻഗാമിയായി ശിഷ്യനായ ബേബിയും എത്തി.
എസ്.എഫ്.ഐ ഭാരവാഹിയായിരിക്കെ കൊല്ലം എസ്.എൻ കോളജിൽ പഠിക്കുമ്പോഴാണ് ബേബിയും ഇ.എം.എസും തമ്മിലുള്ള വലിയ ബന്ധം തുടങ്ങുന്നത്. ഇ.എം.എസായിരുന്നു ഒരുകാലത്ത് പാർട്ടിയുടെ താത്ത്വിക ആചാര്യനും സൈദ്ധാന്തിക മുഖവുമെങ്കിൽ, അതിന് സമാനമാണിപ്പോൾ ബേബിയും. പാർട്ടിയുടെ സൈദ്ധാന്തിക വക്താവായാണ് എം.എ. ബേബിയെയും ഏറെയാളുകളും വിശേഷിപ്പിക്കുന്നത്. ജനറൽ സെക്രട്ടറിയായ ഇ.എം.എസിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിനു വേണ്ടിയാണ് വിദേശ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുമായെല്ലാം ബേബി ബന്ധവും സൗഹൃദവും തുടങ്ങുന്നത്. അത്തരം ബന്ധങ്ങൾ ബേബി ഇപ്പോഴും തുടരുകയും ചെയ്യുന്നു.