പള്ളിയും ക്ഷേത്രവും സ്നേഹഗാഥ രചിച്ച മങ്കടപ്പെരുമ
text_fields1. ബിലാൽ ജുമാമസ്ജിദ്, 2. മാണിക്യേടത്ത് മഹാദേവ ക്ഷേത്രം (ഇൻസൈറ്റിൽ വാസുദേവൻ നമ്പൂതിരി, മറിയുമ്മ ഹജ്ജുമ്മ)
മങ്കട: പള്ളി നവീകരണത്തിന് സ്ഥലം സൗജന്യമായി നൽകിയ മൂത്തേടത്ത് മനയിലെ വാസുദേവൻ നമ്പൂതിരിയുടെയും ക്ഷേത്രപുനരുദ്ധാരണത്തിന് ഭൂമിവിട്ടു നൽകിയ തയ്യിൽ മറിയുമ്മ ഹജ്ജുമ്മയുടെയും സ്നേഹഗാഥകൾ രചിച്ച മണ്ണാണ് മങ്കട. വള്ളുവനാട് രാജവംശത്തിൽ പഴയ ആസ്ഥാനമായിരുന്ന മങ്കടയുടെ മണ്ണിന് ഒട്ടേറെ മാനവിക മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച ചരിത്രമുണ്ട്.
കേവലം നമസ്കാരപ്പള്ളി മാത്രമായിരുന്ന കർക്കിടകത്തെ ബിലാൽ മസ്ജിദ് ജുമാമസ്ജിദായി വികസിപ്പിക്കുന്ന പ്രവൃത്തി നടക്കുന്ന സമയത്താണ് പിറകുവശത്തേക്ക് ആവശ്യമായ സ്ഥലം സൗജന്യമായി നൽകി വാസുദേവൻ നമ്പൂതിരി സൗഹാർദത്തിന്റെ മാതൃക കാണിച്ചത്. സ്ഥലത്തിന് വില നൽകാൻ പള്ളിക്കമ്മിറ്റി തയാറായെങ്കിലും സ്വീകരിക്കാൻ വാസുദേവൻ നമ്പൂതിരി തയാറായില്ല.
കാലക്രമേണ അന്യാധീനപ്പെട്ട് കാടുമൂടിക്കിടന്നിരുന്ന മങ്കട മാണിക്യേടത്ത് മഹാദേവ ക്ഷേത്ര അവശിഷ്ടങ്ങൾ ഉള്ള ഭൂമി, തയ്യിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ മറിയുമ്മ ഹജ്ജുമ്മയുടെ അവകാശത്തിലായിരുന്നു ഉണ്ടായിരുന്നത്.ഈ ഭൂമി ക്ഷേത്ര പുനരുദ്ധാരണത്തിനായി ഇവർ സൗജന്യമായി വിട്ടുനൽകി. അതും മാനവികതയുടെ ചരിത്രത്തിൽ പുതിയൊരു അധ്യായമായി.
700 വർഷത്തെ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങളാണ് കാടുമൂടിക്കിടന്നിരുന്നത്. മങ്കടയിൽ 1921ലെ മലബാർ സമരക്കാലത്തും ഇരു സമുദായങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്നേഹബന്ധം ഒന്നുകൂടി ഊട്ടി ഉറപ്പിക്കാൻ ഈ സൽപ്രവൃത്തികൾ കൊണ്ട് സാധിച്ചു. മങ്കടയുടെ ഈ സ്നേഹപ്പെരുമ മുൻ എം.പി ഇ. അഹമ്മദ് പാർലമെന്റിലും അവതരിപ്പിക്കുകയുണ്ടായി.