ഡോക്ടറുടെ 4.43 കോടി തട്ടിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ
text_fieldsകണ്ണൂര്‍: ഓണ്‍ലൈന്‍ നിക്ഷേപത്തിന് വന്‍തോതില്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് കണ്ണൂരിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ 4.43 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മട്ടന്നൂർ സ്വദേശി ഡോ. ഗോപിനാഥന്റെ പണം തട്ടിയെടുത്ത കേസിലെ പ്രതി എറണാകുളം വെസ്റ്റ് വെങ്ങോല ഇലഞ്ഞിക്കാട്ട് വീട്ടില്‍ സൈനുല്‍ ആബിദീനെയാണ് (43) കണ്ണൂര്‍ സൈബര്‍ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത ജില്ലയിലെ ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ആളാണ് ഇയാൾ. പെരുമ്പാവൂർ സ്വദേശി റിജാസ് (41), ചെന്നൈ സ്വദേശി മഹബൂ ബാഷ ഫാറൂഖ് (39) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് സൈനുല്‍ ആബിദീനായി വലവീശിയത്. പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ കണ്ടെത്തുക പ്രയാസകരമായിരുന്നു. ഇതിനിടെയാണ് എറണാകുളത്ത് പിടികൂടിയത്. എസ്.ഐ പ്രജീഷ്, എ.എസ്.ഐ വി.വി. പ്രകാശന്, സി.പി.ഒമാരായ കെ. സുനില്‍, സി. ജിതിന് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ജൂൺ 25നാണ് തട്ടിപ്പു സംബന്ധിച്ച് ഡോക്ടർ പരാതി നൽകിയത്.