ഇടുക്കിയിലെ അറ്റകുറ്റപണി: വൈദ്യുതിലഭ്യത ഉറപ്പാക്കാൻ ക്രമീകരണം
text_fieldsതിരുവനന്തപുരം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം നിലയം അറ്റകുറ്റപണികൾക്കായി ഒരു മാസത്തേക്ക് അടച്ചിടുന്നതുമൂലമുണ്ടാകുന്ന വൈദ്യുതി ആവശ്യകത നേരിടാൻ മുന്നൊരുക്കം പൂർത്തിയാക്കി കെ.എസ്.ഇ.ബി. നവംബർ 11 മുതൽ ഡിസംബർ 10 വരെ വൈദ്യുതി ഉൽപാദനം പൂർണമായി നിർത്തിവെക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുമൂലം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ 600 മെഗാവാട്ടിന്റെവരെ കുറവുണ്ടാകും.
സംസ്ഥാനത്തെ രാത്രികാല വൈദ്യുതി ആവശ്യം തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ മൂലമറ്റം വൈദ്യുത നിലയമാണ് പ്രധാന പങ്കുവഹിക്കുന്നത്. വിവിധ കരാറുകൾ വഴി വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോഴും ഇവിടെ ഉൽപാദനം ഇല്ലാതിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കാം. ഇത് ഒഴിവാക്കാനാണ് ശ്രമം.
വിവിധ സംസ്ഥാനങ്ങളിലെ ഉൽപാദന കമ്പനികൾക്ക് ബാങ്കിങ് വഴി നൽകിയ അധിക വൈദ്യുതി, ഹ്രസ്വകാല കരാറുകൾ വഴിയുള്ള വൈദ്യുതി എന്നിവയടക്കം ഇടുക്കിയിൽ ഉൽപാദനം നിർത്തിവക്കുന്ന ദിവസങ്ങളിൽ ലഭിക്കുമെന്ന് ഉറപ്പാക്കി. ഇതുസംബന്ധിച്ച കരാറുകൾക്ക് റഗുലേറ്ററി കമീഷൻ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത നിലയമാണ് മൂലമറ്റത്തേത്. ബട്ടർഫ്ലൈ വാൽവിന്റെ ചോർച്ച പരിഹരിക്കൽ, പ്രധാന ഇൻലെറ്റ് വാൽവുകൾ നന്നാക്കൽ അടക്കം ജോലികളാണ് നടത്തേണ്ടത്.


