മലപ്പുലയാട്ടത്തിൽ ‘സർവം മായ’; ടീച്ചർ ആട്ടം പഠിച്ചത് യൂട്യൂബ് വിഡിയോകൾ കണ്ട്
text_fieldsമായ ടീച്ചർ പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾക്കൊപ്പം
തൃശൂർ: മലപ്പുലയാട്ടത്തിൽ ‘സർവം മായ’. മായ ടീച്ചറുടെ രണ്ടു വർഷത്തെ അധ്വാനമാണ് കൊട്ടാരക്കര പൂവറ്റൂർ ഡി.വി.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെത്തിച്ചത്. സാമ്പത്തികശേഷി കുറഞ്ഞതിന്റെ പേരിൽ കുട്ടികൾക്ക് കലോത്സവ വേദി നിഷേധിക്കപ്പെടരുതെന്ന തോന്നലിൽ കോമേഴ്സ് ടീച്ചറായ മായ ചന്ദ്രൻ സ്വയം ആട്ടം പഠിച്ചു.
നൂറിലേറെ മലപ്പുലയ ആട്ട വിഡിയോകളാണ് യൂട്യൂബിൽ ടീച്ചർ കണ്ടത്. രണ്ടു വർഷത്തെ പരിശ്രമം ഫലം കണ്ടു. കഴിഞ്ഞ വേനലവധിക്കാലത്ത് കുട്ടികളെ കണ്ടെത്തി പരിശീലനം തുടങ്ങി. നൃത്തത്തിനും വാദ്യത്തിനും പ്രാധാന്യമുള്ള ഗോത്ര കലാരൂപം കുട്ടികൾ വേഗത്തിൽ പഠിച്ചെടുത്തെന്ന് ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. പരിശീലകനെ വെച്ചു പഠിപ്പിക്കാൻ അര ലക്ഷത്തിലേറെ രൂപ ചെലവ് വരും. അതിനുള്ള ത്രാണിയില്ലാത്തതിനാലാണ് താൻ സ്വയം സമർപ്പിച്ചതെന്നും ടീച്ചർ പറയുന്നു.
സ്കൂളിലെ മറ്റധ്യാപകരുടെ പൂർണ്ണ പിന്തുണയും മാനേജ്‌മെന്റിന്റെ സഹകരണവുമാണ് സംസ്ഥാന കലോത്സവ വേദിയിലെത്താൻ സഹായിച്ചത്. വസ്ത്രങ്ങളും ഉപകരണങ്ങളും വാടകക്കെടുക്കാനും കൊട്ടാരക്കരയിൽ നിന്ന് തൃശൂ രിലെത്താനുള്ള യാത്ര ചെലവ് നിർവഹിക്കാനും ഈ കൂട്ടായ്മ തുണയായി. കുട്ടികളെ മേക്കപ്പിട്ട് ഒരുക്കിയതും അധ്യാപകർ തന്നെയായിരുന്നു.ആദ്യമായി സംസ്ഥാന കലോത്സവത്തിൽ മാറ്റുരച്ച് എ ഗ്രേഡ് സ്വന്തമാക്കിയാണ് മായ ടീച്ചറും കുട്ട്യോളും കൊട്ടാരക്കരക്ക് മടങ്ങുന്നത്.
ഇടുക്കി മറയൂരിലെ പുലയ സമുദായക്കാരുടെ ആചാരമാണ് മലപുലയാട്ടം. മുൻ കാലങ്ങളിൽ കാട്ടിൽ നിന്ന് കിഴങ്ങുവർഗ്ഗങ്ങൾ, തേൻ എന്നിവ ശേഖരിച്ച് കുലദേവതയായ മധുരൈ മീനാക്ഷി അമ്മയെ പ്രീതിപെടുത്തുവാൻ വേണ്ടി ഈ ആട്ടം ആടിവരുന്നു. ജനനം, മരണം, കല്യാണം, തിരണ്ടുകല്യാണം എന്നീ വിശേഷ ദിവസങ്ങളിലും ആടാറുണ്ട്. കട്ട, കിടുമിട്ടി, ചിലങ്ക, എന്നീ വാദ്യ ഉപകരങ്ങളുടെ അകമ്പടിയോടെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ആണും പെണ്ണും ചേർന്നുള്ള ആട്ടമാണ് മലപ്പുലയാട്ടം.


