Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കന്യാസ്ത്രീകളെ...

'കന്യാസ്ത്രീകളെ അപമാനിച്ചു, ബൈബിൾ എടുത്തെറിഞ്ഞു, സ്വന്തം വീട്ടിൽ പോലും പ്രാർഥന നടത്താനാവില്ല'; ബ​ജ്‌​രം​​ഗ്‌ദ​ൾ ആക്രമണത്തിന്‍റെ ദൃക്സാക്ഷിയായ മലയാളി വൈദികൻ

text_fields
bookmark_border
Nuns Arrest and Fr Sabu Joseph
cancel

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന ബ​ജ്‌​രം​ഗ്‌​ദ​ൾ ആക്രമണത്തിന്‍റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ദൃക്സാക്ഷിയായ മലയാളി വൈദികൻ. കന്യാസ്ത്രീകളെ മോശം പദപ്രയോഗത്തിലൂടെ അപമാനിച്ച ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​കർ, ബാഗിൽ നിന്ന്​ ബൈബിൾ എടുത്തെറിഞ്ഞെന്നും ബിലായ് കാത്തലിക് ചർച്ചിലെ ഫാ. സാബു ജോസഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

തീവ്രഹിന്ദു നേതാവ് ജ്യോതി ശർമയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പൊലീസുകാരുടെ മുമ്പിൽ വച്ച് പെൺകുട്ടികളെ ഉപദ്രവിച്ചു. കന്യാസ്ത്രീകളെ മർദിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും വാക്കുകൾ കൊണ്ട് അപമാനിക്കുകയും ചെയ്തു. ബൈബിൾ അടക്കമുള്ള വസ്തുക്കൾ ബാഗിൽ നിന്ന് പുറത്തേക്ക് എടുത്തെറിഞ്ഞു.

ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ സമ്മർദത്തിലാക്കിയതിനെ തുടർന്ന് കന്യാസ്ത്രീകൾക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. അക്രമികളുടെ സമ്മർദത്തിൽ കേസെടുക്കുന്നത് അന്യായമല്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ന്യായമായ നടപടിയേ സ്വീകരിക്കുകയുള്ളൂവെന്നാണ് പൊലീസ് മറുപടി നൽകിയത്. ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർപൊലിസ് സ്റ്റേഷൻ സ്തംഭിപ്പിക്കുന്ന സാഹചര്യമുണ്ടായി. സ്റ്റേഷനുള്ളിലേക്ക് പോകാൻ അക്രമികൾ അനുവദിച്ചില്ല. കന്യാസ്ത്രീകളെയും പെൺകുട്ടികളെയും പൊലീസുകാർ ഉപദ്രവിച്ചിട്ടില്ല.

ക്രൈസ്തവർക്ക് പൊതുസ്ഥലത്തോ സ്വന്തം വീട്ടിലോ ഒരുമിച്ച് കൂടി പ്രാർഥന നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. പ്രാർഥന നടത്തുമ്പോൾ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് ബ​ജ്‌​രം​ഗ്‌​ദ​ൾ ഗ്രൂപ്പുകൾ എത്തി ആക്രമണം നടത്തുകയാണ്. ബ​ജ്‌​രം​ഗ്‌​ദ​ളിനെ പിന്തുണക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഫാ. സാബു ജോസഫ് പറഞ്ഞു.

ഇന്നലെയാണ് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 143 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സീ​സി സി​സ്റ്റേ​ഴ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളെ​ന്ന് സി.​ബി.​സി.​ഐ വ​നി​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നാ​ണ് ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളുടെ സ​മ്മ​ത​പ​ത്രം ത​ള്ളി​ക്ക​ള​ഞ്ഞാണ് അ​റ​സ്റ്റെ​ന്ന് ബോ​ധ്യ​മാ​യി. ക​ന്യാ​സ്ത്രീ​ക​ളു​ടെ കൂ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​ല്ലാം 18 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണെ​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തും പ​രി​ഗ​ണി​ക്കാതെയാണ് അറസ്റ്റും റിമാൻഡും.

Show Full Article
TAGS:Nuns Arrest bajrang dal Malayali nuns Latest News 
News Summary - Malayali priest witnesses Bajrang Dal attack on nuns
Next Story