മലയാളി സൈനികൻ വെടിയേറ്റുമരിച്ച നിലയിൽ; ഭാര്യയുടെ പരാതിയിൽ അന്വേഷണം
text_fieldsപാലക്കാട്: പാലക്കാട് സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ കോയമ്പത്തൂരിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്.
ഞായറാഴ്ച രാവിലെ വ്യാമസേനാ ക്യാംപസിലെ 13 നമ്പര്‍ പോസ്റ്റില്‍ ഡ്യൂട്ടിക്ക് കയറി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എകെ 103 റൈഫിള്‍ ഉപയോഗിച്ചു സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ജോലി സമ്മര്‍ദ്ദമാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് അവധിയില്‍ വന്നപ്പോള്‍ മാനസിക സമ്മര്‍ദത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നെന്നും ഡോക്ടര്‍ മരുന്നും വിശ്രമവും നിര്‍ദേശിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ മരുന്നു കൃത്യമായി കഴിച്ചില്ലെന്നും മാനസിക സമ്മര്‍ദം അധികമായതായി രണ്ടു ദിവസം മുന്‍പ് വീഡിയോ കോളില്‍ ഭാര്യയോട് പറഞ്ഞതായി സുലൂര്‍ പൊലീസ് പറഞ്ഞു.
സനുവിന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ സുലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട്ടേക്ക് എത്തിച്ചു. സംസ്കാരം തിങ്കളാഴ്ച.


