മരണംവരെ അഭിനയിച്ച് കൊണ്ടേയിരിക്കും -മമ്മൂട്ടി
text_fieldsമമ്മൂട്ടി ചാൻസലറിൽനിന്ന് ഓണററി ഡി. ലിറ്റ് ബിരുദം ഏറ്റുവാങ്ങുന്നു
കോട്ടയം: ‘ഒരുകാലത്ത് എന്നെയൊരു ഡോക്ടറായി കാണാനായിരുന്നു പിതാവിന്റെ ആഗ്രഹം. പക്ഷേ, കുട്ടിക്കാലം മുതലേ സിനിമ നടനാവുക എന്നതായിരുന്നു എന്റെ ആഗ്രം. 45 വർഷം മുമ്പു തന്നെ അത് നേടിയെങ്കിലും ഇന്നും ഞാൻ സ്വയം മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു...’ എം.ജി സർവകലാശാലയുടെ പ്രത്യേക ബിരുദദാന ചടങ്ങിൽ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ മഹാനടൻ.
‘എന്റെ ഡോക്ടറാക്കണമെന്ന് ആഗ്രഹിച്ച പിതാവിന് ഞാൻ ഡോക്ടറാകുന്നത് കാണാൻ കഴിഞ്ഞില്ല. ഇന്ന് എനിക്ക് മൂന്നാമത്തെ ഡോക്ടറേറ്റാണ് ലഭിച്ചിരിക്കുന്നത്. പക്ഷേ, ഇതുകൊണ്ട് ചികിത്സിക്കാനാവില്ലെങ്കിലും കഴിഞ്ഞ 45 കൊല്ലത്തിലേറെയായി വിനോദം പകർന്ന് ഞാൻ നിങ്ങളെ ചികിത്സിക്കുന്നുണ്ട്. അവസാന ശ്വാസംവരെ ഞാനത് തുടരും’ - മമ്മൂട്ടി പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയും കേരള സർവകലാശാലയും മുമ്പ് മമ്മൂട്ടിക്ക് ഓണററി ഡി ലിറ്റ് നൽകി ആദരിച്ചിരുന്നു. നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്കുലാർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവരെയാണ് മമ്മൂട്ടിക്ക് പുറമെ ഓണററി ഡോക്ടറേറ്റ് നൽകി എം.ജി സർവകലാശാല ആദരിച്ചത്. വർണാഭമായ ചടങ്ങിൽ ചാന്‍സലര്‍ കൂടിയായ ഗവർണർ വിശ്വനാഥ് അര്‍ലേകര്‍ ബിരുദം സമർപ്പിച്ചു.


