റോഡ് മുറിച്ചുകടക്കാൻ ഭിന്നശേഷിക്കാരനെ സഹായിക്കുന്നതിനിടെ ബൈക്കിടിച്ചയാൾ മരിച്ചു
text_fieldsകൊടുങ്ങല്ലൂർ: റോഡ് മുറിച്ചു കടക്കാൻ ഭിന്നശേഷിക്കാരനെ സഹായിക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു. തിരുവഞ്ചികുളം കസ്തൂരി വളവിൽ വാടകക്ക് മേത്തല കിഴ്ത്തളി അമ്പലപ്പറമ്പിൽ വിജയൻ (71)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കിഴ്ത്തളി റോഡിൽ ബസ്സ്റ്റോപ്പിലായിരുന്നു അപകടം.
ഭിന്നശേഷിക്കാരനായ വിവേക് എന്ന യുവാവിനെ റോഡ് മുറിച്ചു കടക്കുന്നതിന് സഹായിക്കുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിജയൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വിവേക് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേ ചുമട്ടുതൊഴിലാളിയായിരുന്ന വിജയൻ പിന്നീട് ലോട്ടറി വിൽപനയിലേക്ക് മാറുകയായിരുന്നു.
തിരക്കേറിയ റോഡിൽ കുട്ടികളെയും മുതിർന്നവരെയെല്ലാം റോഡ് മുറിച്ചുകടക്കാൻ വിജയൻ സഹായിക്കാറുണ്ട്. മാനുഷികമായ അത്തരമൊരു സഹായത്തിനിടയിലാണ് സ്വന്തം ജീവൻ തന്നെ നഷ്ടമായത്. സംസ്ക്കാരം ശനിയാഴ്ച പുല്ലൂറ്റ് ചാപ്പാറയിലെ കൊടുങ്ങല്ലൂർ നഗരസഭ ക്രിമറ്റോറിയത്തിൽ നടക്കും.
പരേതയായ സരിതയാണ് വിജയന്റെ ഭാര്യ. മക്കൾ: സജിത്ത്, വിജി. മരുമക്കൾ: വൈശാലി, രതീഷ്.