ദുരന്തത്തെ ഓടിത്തോൽപിച്ച മുസ്തഫ
text_fieldsമുസ്തഫ
കള്ളാടി (വയനാട്): തുരങ്കപാത നിർമാണ പ്രദേശത്ത് മലയിടിഞ്ഞുണ്ടായ ദുരന്തത്തിന്റെ ഭീകരദൃശ്യം ലോകം അറിഞ്ഞത് സമീപത്തെ ‘ഗ്രിലക്സ്’ കടയിലെ സി.സി.ടി.വി ദൃശ്യത്തിലൂടെയായിരുന്നു. മലയിടിഞ്ഞ് കല്ലും മണ്ണും ആർത്തലച്ച് വന്നപ്പോൾ ജീവനും കൈയിലേന്തി ഓടുന്ന കാക്കി ഷർട്ടിട്ട ഒരാളെ ഇതിൽ കാണാം.
മലവെള്ളപ്പാച്ചിലിൽ ലോറിയും ടാങ്കറുമടക്കം ഒഴുകിപ്പാഞ്ഞുവരുന്നതിനിടയിൽ ഓടിയ അയാൾ രക്ഷപ്പെട്ടോ...? അതെ, ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാൻ കഴിയുന്ന ആ ദൃശ്യത്തിലുള്ളയാൾ ഇപ്പോൾ സുഖമായിരിക്കുന്നു. മീനാക്ഷിക്കടുത്ത് താമസിക്കുന്ന വെള്ളത്തൂർ മുസ്തഫയെന്ന 55കാരനാണ് അത്ഭുതരക്ഷയുണ്ടായത്.
ചൊവ്വാഴ്ച രാവിലെ 11.15 നാണ് തുരങ്കപാത സ്ഥലത്ത് മലയിടിഞ്ഞ് കൂട്ടിയിട്ടിരുന്ന മൺകൂമ്പാരങ്ങൾക്കൊപ്പം താഴേക്ക് പതിച്ച് ദുരന്തമുണ്ടാകുന്നത്. ഇതിന് അൽപം മുമ്പാണ് കൽപറ്റയിലേക്കുള്ള ബസ് കയറാനായി തൊട്ടടുത്തുള്ള വീട്ടിൽനിന്ന് മുസ്തഫ മീനാക്ഷി പാലത്തിനടുത്തെത്തിയത്. 11.14ഓടെ ഭീകരശബ്ദം കേട്ട് കടയിലുള്ളവരടക്കം പുറത്തിറങ്ങി നോക്കുന്നതും ഓടിമാറുന്നതും ദൃശ്യങ്ങളിൽ കാണാം.
മണ്ണടക്കം കുത്തിയൊലിച്ച് തൊട്ടടുത്തെത്തുമ്പോൾ മുസ്തഫയും ഓടിമാറുകയായിരുന്നു. ഒഴുകിയെത്തിയ ടാങ്കറിന് പുറകിൽ കുടുങ്ങിയ അദ്ദേഹം പാലത്തിന് ഇടതുഭാഗത്തുകൂടി ഓടിയതിനാലാണ് രക്ഷപ്പെട്ടത്. അൽപമൊന്ന് വൈകിയിരുന്നുവെങ്കിൽ... കള്ളാടി പുഴയുടെ ഒഴുക്കറിയുന്നതിനാലാണ് അതിലൂടെ ഓടിയതെന്നും ആ നിമിഷങ്ങൾ ഓർക്കാൻകൂടി പറ്റുന്നില്ലെന്നും മുസ്തഫ പറയുന്നു.
30 വർഷമായി മീനാക്ഷിയിൽ താമസിക്കുന്ന മുസ്തഫ വീടിന് മുന്നിൽ കട നടത്തുകയാണ്. കൈമുട്ടിനും കാലിനും പരിക്കേറ്റ ഇദ്ദേഹം മേപ്പാടി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഖത്തറിലുള്ള മകൾ നിഷ നൂറിനടക്കം ഭയത്തിലായിരുന്നു. പിതാവ് രക്ഷപ്പെട്ടുവെന്ന് അറിഞ്ഞതോടെയാണ് അവൾക്ക് ശ്വാസം നേരെവീണത്. ആശുപത്രിയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് അദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയത്. ഇനി കുടുംബത്തോടൊപ്പം കൽപറ്റയിലെ ബന്ധുവീട്ടിലേക്ക് താമസം മാറണമെന്നും വിറയാർന്ന ചുണ്ടുകളോടെ മുസ്തഫ പറഞ്ഞുനിർത്തി.


