ക്ഷേത്ര ഗുരുതിത്തറയിലെ വാളെടുത്ത് അനുജന്റെ തലക്ക് വെട്ടി; പ്രതി ലഹരിക്കടിമയെന്ന് പൊലീസ്
text_fieldsചമൽ കാരപ്പറ്റ ക്ഷേത്രത്തിൽനിന്ന് വാൾ എടുത്ത് പോകുന്ന അർജുൻ (സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം). ഈ വാൾ ഉപയോഗിച്ചാണ് അനുജൻ അഭിനന്ദിനെ വെട്ടിയത്.
താമരശ്ശേരി: വീടിന് സമീപത്തെ ക്ഷേത്രത്തിൽനിന്ന് വാളെടുത്ത് ജ്യേഷ്ഠൻ അനുജനെ വെട്ടിപ്പരിക്കേൽപിച്ചു. കോഴിക്കോട് താമരശ്ശേരിക്കടുത്ത ചമൽ അംബേദ്കർ കോളനിയിലെ അഭിനന്ദി(23)നാണ് വെട്ടേറ്റത്. സഹോദരൻ അർജുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ ഉണ്ടായിരുന്ന വാൾ എടുത്താണ് അനുജനെ വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. സംഭവത്തിന് തൊട്ടുമുമ്പ് അർജുൻ ക്ഷേത്രത്തിൽ എത്തി വാൾ എടുത്തുകൊണ്ടുപോകുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അഭിനന്ദിന്റെ തലക്കാണ് വെട്ടേറ്റത്. ലഹരിക്കടിമയായ അർജുനെ അതിൽനിന്ന് മോചിപ്പിക്കാൻ അഭിനന്ദ് ഇടപെട്ട് ലഹരിവിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. അതിന്റെ പ്രതികാരമാണ് വെട്ടിൽ കലാശിച്ചത്.
വെട്ടേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിൽ അതിക്രമിച്ച് കടന്ന് വാൾ എടുത്തുകൊണ്ടുപോയതിന് ക്ഷേത്രകമ്മിറ്റി പൊലീസിൽ പരാതി നൽകി.