ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, ഇരുവരും കഴുത്തിൽ കുരുക്കിട്ടപ്പോൾ യുവതി കയറിയ സ്റ്റൂള്‍ തട്ടിമാറ്റി കൊന്ന് യുവാവ്
text_fieldsകോഴിക്കോട്: എലത്തൂരില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് വൈശാഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം കാരണമാണ് ഇയാൾ ക്രൂരകൃത്യം ചെയ്തതെന്നാണ് കണ്ടെത്തിയത്.
ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നും യുവതി വൈശാഖിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച യുവതിയെ ജോലി സ്ഥലത്തുനിന്നും വൈശാഖന്‍ വിളിച്ചുവരുത്തിയത്. ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞു.
തുടർന്ന് മാളിക്കടവിലുള്ള വൈശാഖിന്‍റെ ഉടമസ്ഥതയിലെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലേക്ക് ഇരുവരും എത്തി. ഒരുമിച്ച് തൂങ്ങി മരിക്കാനായി കയറിൽ കുരുക്കിട്ടു. കുരുക്ക് യുവതി കഴുത്തിലിട്ടതോടെ വൈശാഖൻ സ്റ്റൂള്‍ തട്ടിമാറ്റുകയായിരുന്നു.
അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം പൊലീസ് കേസെടുത്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകളാണ് കൊലപാതകമാണെന്ന സംശയത്തിലേക്കെത്തിയത്.


