മദ്യപാനത്തെ ചൊല്ലി സംഘർഷം: ഒരാളെ വെട്ടിക്കൊന്നു
text_fieldsകരിമണ്ണൂർ (ഇടുക്കി): മദ്യപാനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെൻറാണ് (45) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കരിമണ്ണൂർ കമ്പിപ്പാലത്ത് വെച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ കരിമണ്ണൂർ പൊലീസ് പിടികൂടി.
മദ്യപാനത്തിന് ശേഷം ബിനുവിൻറെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിനിടെ വിൻസെൻറിനും ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. സംഭവത്തിന് ശേഷം ഓട്ടോറിക്ഷയിൽ ഇരുവരെയും മുതലക്കോടത്തുള്ള ആശുപതിയിൽ എത്തിച്ചപ്പോഴേക്കും വിൻസെൻറ് മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ഇതര സംസ്ഥാന തൊഴിലാളിയെ കോലഞ്ചേരിയിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട ബിനു ചന്ദ്രനെ കരിമണ്ണൂർ പോലീസ് പിടികൂടി. ഇയാൾക്കൊപ്പം സുഹൃത്തുക്കളായ ഏതാനും പേരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് കരിമണ്ണൂർ പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിൻസൻറിന്റെ മൃതദേഹം തൊടുപുഴയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.